സ്വർണക്കടത്ത് പ്രക്ഷോഭത്തിൽ ലീഗ് മുൻപന്തിയിൽ തന്നെയുണ്ടാകും: പി.കെ കുഞ്ഞാലിക്കുട്ടി
|വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല തങ്ങളെന്നും വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ചുള്ള നിജസ്ഥിതി ജനങ്ങൾക്കറിയണമെന്നും കുഞ്ഞാലിക്കുട്ടി
സ്വർണക്കടത്ത് പ്രക്ഷോഭത്തിൽ ലീഗ് മുൻപന്തിയിൽ തന്നെയുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്.എ. വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല തങ്ങൾ. വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ചുള്ള നിജസ്ഥിതി ജനങ്ങൾക്കറിയണം. രാഗുൽ ഗാന്ധിക്കെതിരെ കെട്ടിച്ചമച്ച കേസിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക കേരളസഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.
സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ സിപിഎം നേതൃത്വം നീക്കം നടത്തിയെങ്കിൽ അത് പ്രതിപക്ഷത്തിന് ഏശിയിട്ടില്ലെന്നും അവർ വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള സ്വപ്നയുടെ നീക്കത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും യുഡിഎഫ് യോഗത്തിൽ ചർച്ചയാവും
. സ്വർണക്കടത്ത് ആരോപണം മുൻനിർത്തിയുള്ള കൂടുതൽ സമരങ്ങൾക്കും യോഗം രൂപം നൽകും. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്വർണക്കടത്ത് ആരോപണങ്ങൾ പ്രതിപക്ഷം സജീവമാക്കും. അതിനുള്ള പദ്ധതികളും ആവിഷ്കരിക്കും. ലോക കേരളസഭയിൽ നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിലും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നേരത്തെ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു. അതിനാൽ പങ്കെടുക്കാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനും ലീഗിനുമുള്ളത്.