'തങ്ങൾമാരെ വിമർശിച്ചാൽ ലീഗിന് പത്ത് വോട്ട് കൂടും'- ഉമർ ഫൈസിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി
|ഒരോ സമയത്തും സിപിഎം ഓരോ കാർഡ് ഇറക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു
കൊച്ചി: ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങൾ ഖാസിയാകാൻ സർവദാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്നങ്ങൾ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തങ്ങൾമാരെ വിമർശിച്ചാൽ രാഷ്ട്രീയപരമായി ലീഗിന് പത്ത് വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സിപിഎം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്ലാമി സ്വാഭാവിക കക്ഷി എന്നാണ് സിപിഎം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോൾ നിലപാട് മാറ്റിയാൽ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സിപിഎം ഒപ്പം കൂടിയത് എന്തിനെന്ന് ആദ്യം പറയട്ടെ, എന്നിട്ട് ബാക്കി ഞങ്ങള് പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.