എ.ആർ നഗർ ബാങ്ക് ഇടപാട്: ആരോപണങ്ങൾ ഒതുക്കിത്തീർക്കാൻ കുഞ്ഞാലിക്കുട്ടി ജലീലുമായി ഒത്തുതീർപ്പുണ്ടാക്കി- ആരോപണവുമായി എം.എസ്.എഫ് മുൻ നേതാക്കൾ
|''കുഞ്ഞാലിക്കുട്ടി-ജലീൽ രഹസ്യ കൂടിക്കാഴ്ച പുറത്തുവിട്ടത് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ്.''
കോഴിക്കോട്: എ.ആർ നഗർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒതുക്കിത്തീർക്കാൻ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുൻ മന്ത്രി കെ.ടി ജലീലുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന് എം.എസ്.എഫ് മുൻ ഭാരവാഹികൾ. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, കെ.എം ഫവാസ്, പി.പി ഷൈജൽ എന്നിവരടങ്ങുന്ന എം.എസ്.എഫിൽനിന്ന് പുറത്താക്കപ്പെട്ട നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കെ.ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പുണ്ടാക്കിയിട്ടുണ്ട്. എ.ആർ നഗർ ബാങ്കിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കിട്ടിയ വിവരാവകാശരേഖ ജലീൽ പുറത്തുവിടാതിരുന്നത് കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ്. കുഞ്ഞാലിക്കുട്ടി-ജലീൽ രഹസ്യ കൂടിക്കാഴ്ച പുറത്തുവിട്ടത് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ്. എ.ആർ നഗർ ബാങ്ക്, ചന്ദ്രിക വിഷയങ്ങളിൽ നിർണായക തെളിവുകൾ കൈയിലുണ്ടെന്നും എം.എസ്.എഫ് മുൻ നേതാക്കൾ വെളിപ്പെടുത്തി.
മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയിൽ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെന്നും മുതിർന്ന നേതാവായ ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ നേതൃത്വത്തിന് എതിരാണെന്നുമുള്ള പ്രതീതിയുണ്ടാക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇതുവഴി അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് മത്സരിക്കാനുള്ള പ്രതലമൊരുക്കാനാണ് പി.എം.എ സലാമിന്റെ ശ്രമം. അതിന്റെ അവസാനത്തെ അടവാണ് ബഷീറിന്റെ ശബ്ദരേഖ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ഇ.ടിയുടെ സംഭാഷണം വർഷങ്ങൾക്കുമുൻപുള്ളതല്ല. ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ഇ.ടിയുടെ സംഭാഷണത്തോടെ തെളിഞ്ഞു. സലാം ജനറൽ സെക്രട്ടറിയായ ശേഷമാണ് പാർട്ടി കാര്യങ്ങൾ ചോരാൻ തുടങ്ങിയത്. പൊന്നാന്നി ലോക്‌സഭാ സീറ്റ് നേടുകയാണ് സലാമിന്റെ ലക്ഷ്യം. നേതൃത്വത്തിൽ ഭിന്നതയുണ്ടാക്കുകയാണ് സലാം. പാർട്ടിയിൽ തിരുത്തൽശക്തികളായി മുന്നോട്ടുപോകുമെന്നും എം.എസ്.എഫ് മുൻ നേതാക്കൾ വ്യക്തമാക്കി.
Summary: PK Kunhalikutty conspired with KT Jaleel to settle allegations related to AR Nagar Bank deal case, alleges Former MSF leaders