Kerala
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം: പി.കെ കുഞ്ഞാലിക്കുട്ടി
Kerala

ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം: പി.കെ കുഞ്ഞാലിക്കുട്ടി

Web Desk
|
5 April 2023 6:43 AM GMT

'അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നാമിന്ന് പോരാടുന്നത്'

തിരുവനന്തപുരം: മീഡിയവണിന്റെ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി രാജ്യത്തിനും ഇവിടെയുള്ള മുഴുവൻ മാധ്യമങ്ങൾക്കും സന്തോഷം നൽകുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അഭിപ്രായ സ്വാതന്ത്രത്തിനും, മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നാമിന്ന് പോരാടുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യം. സർക്കാറിനെ വിമർശിക്കുന്നത് ദേശസുരക്ഷയുടെ ലംഘനമാണ് എന്ന് പറയാൻ കഴിയില്ലെന്ന കാര്യം മീഡിയവണിന്റെ വിധിയിലുണ്ട് എന്ന കാര്യവും വിധിയിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. വിധിപ്പകർപ്പ് വായിച്ചാലേ മുഴുവൻ അറിയാൻ സാധിക്കൂ എന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ഇന്നാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്നാണ് ചരിത്രവിധിയുണ്ടായത്.



Similar Posts