'ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന കുട്ടികളല്ലേ'; ഹരിത വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി
|ഹരിത വിഷയം പാര്‍ട്ടി വീണ്ടും ചര്‍ച്ച ചെയ്യും
കൊച്ചി: ഹരിത വിഷയം വിശദമായി പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയം മുതിർന്ന നേതാക്കളുമായി സംസാരിച്ചെന്നും ഇക്കാര്യത്തിൽ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'വിഷയത്തിൽ ഇന്ന് മലപ്പുറത്ത് സാദിഖലി തങ്ങൾ വ്യക്തതയോട് കൂടി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തീരുമാനങ്ങൾ കമ്മിറ്റികൾ ചർച്ച ചെയ്ത് എടുക്കുന്നതാണ്. ഇടി മുഹമ്മദ് ബഷീറുമായും എംകെ മുനീറുമായും മറ്റു നേതാക്കളുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങൾ ദേശീയ കമ്മിറ്റിയെടുത്തതാണ്. ചിലത് സംസ്ഥാന കമ്മിറ്റിയെടുത്തതാണ്. എല്ലാം ചർച്ച ചെയ്യും.'- അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംലീഗ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന പെൺകുട്ടികളാണ് ഹരിത നേതാക്കളെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. 'ഞങ്ങള്‍ വളർത്തിക്കൊണ്ടുവരുന്ന കുട്ടികളാണ് ഇവർ. അവരൊക്കെ എത്ര പ്രഗത്ഭരാണ്. ഞങ്ങളുടെ മുൻകാല നേതാക്കൾ സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടി, അവരുടെ ഉന്നതിക്ക് വേണ്ടി, അവർക്കു വേണ്ടി സ്ഥാപനങ്ങൾ ഉണ്ടാക്കാൻ വേണ്ടി വലിയ ത്യാഗം സഹിച്ചിട്ടാണ് ഇന്ന് പെൺകുട്ടികൾ ഉൾപ്പെടെ പ്രൊഫഷണൽ കോളജുകളിൽ ഉൾപ്പെടെ പഠിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പാർട്ടിക്കും പ്രസ്ഥാനത്തിനും വലിയ ബന്ധമുണ്ട്. അതാണ് മൈനോറിറ്റി പൊളിറ്റിക്സ് എന്ന് അവരൊക്കെ പറയുന്നത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ചന്ദ്രിക കേസിൽ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നൽകാനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പലകേസുകളിലെയും പോലെ ഇതിലും രാഷ്ട്രീയമുണ്ടാകാം. പത്രം നടത്തിപ്പ് എഴുതിവെച്ച പോലെ നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടിവരും. അതിലപ്പുറമൊന്നും ചന്ദ്രികക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് സെപ്തംബർ രണ്ടിന് ഇഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു.