മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത
|കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇത് കുഞ്ഞാലിക്കുട്ടി തള്ളിയിട്ടില്ല.
ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ ലീഗിന് ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. യു.പി.എ മന്ത്രിസഭകളിൽ മുസ്‌ലിം ലീഗ് ദേശീയ നേതാവായിരുന്ന ഇ. അഹമ്മദ് മന്ത്രിയായിരുന്നു. ഇത്തവണ ഇൻഡ്യാ സഖ്യം വരികയാണെങ്കിൽ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗം.
അതേസമയം നിയമസഭാംഗമായ കുഞ്ഞാലിക്കുട്ടി രാജിവച്ച് വീണ്ടും മത്സരിക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. നേരത്തെ എം.എൽ.എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തിൽ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.
കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ എന്നതിന് അനുസരിച്ചായിരിക്കും മറ്റുള്ളവരുടെ സാധ്യതകൾ.