Kerala
Kerala
ഭിന്നശേഷി സംവരണം നിലവിലെ സംവരണത്തെ ബാധിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി; ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി
|1 Feb 2024 9:00 AM GMT
നിലവിൽ സർക്കാർ തീരുമാനിച്ച രീതിയനുസരിച്ച് ഭിന്നശേഷി സംവരണം നടപ്പാക്കിയാൽ മുസ് ലിം സമുദായത്തിന്റെ സംവരണം 12 ശതമാനത്തിൽനിന്ന് 10 ശതമാനമായി കുറയുമെന്ന് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ പ്രത്യേക സമുദായത്തിന്റെ സംവരണത്തെ ബാധിക്കാതെ മാത്രമേ നടപ്പാക്കാവൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നിലവിൽ സർക്കാർ തീരുമാനിച്ച രീതിയനുസരിച്ച് ഭിന്നശേഷി സംവരണം നടപ്പാക്കിയാൽ മുസ് ലിം സമുദായത്തിന്റെ സംവരണം 12 ശതമാനത്തിൽനിന്ന് 10 ശതമാനമായി കുറയും. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഭിന്നശേഷി സംവരണം നിലവിലെ സാമുദായിക സംവരണത്തെ ഒരുനിലക്കും ബാധിക്കില്ലെന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ മറുപടി. നിലവിൽ നാല് ശതമാനം ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേൺ ആയാണ് പി.എസ്.സി നടപ്പാക്കുന്നത്. ഒരു സംവരണ വിഭാഗത്തിനും നഷ്ടമുണ്ടാകാതെ ഭിന്നശേഷി സംവരണം നടപ്പാക്കും. ഒരു പ്രത്യേക സമുദായത്തിന് സംവരണ നഷ്ടമുണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.