കെ.എം ഷാജിക്ക് അനുകൂലമായി വിധി; അധികാരത്തിന്റെ സ്വാധീനത്തിൽ എതിരാളികളെ നിഷ്‌ക്രിയമാക്കാമെന്ന അജണ്ടക്കേറ്റ തിരിച്ചടി: കുഞ്ഞാലിക്കുട്ടി
|ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത 47,35000 രൂപ വിട്ടുകൊടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കോഴിക്കോട്: കെ.എം ഷാജിക്ക് അനുകൂലമായ കോടതി വിധി അധികാരത്തിന്റെ സ്വാധീനത്തിൽ രാഷ്ട്രീയ പ്രതിയോഗികളെ നിഷ്‌ക്രിയമാക്കാമെന്ന അജണ്ടകൾക്കേറ്റ തിരിച്ചടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോടതി വിധി വന്ന വാർത്ത കേൾക്കുന്ന സമയത്ത് തന്നെ ഷാജി തന്നെ വിളിച്ചു. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടി എന്നതിനപ്പുറം നിരപരാധിത്വം തെളിയിക്കാനായതിന്റെ ആത്മവിശ്വാസമാണ് ഷാജിയുടെ സംസാരത്തിലുണ്ടായിരുന്നതെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോടതി വിധി വന്ന വാർത്ത കേൾക്കുന്ന സമയത്ത് തന്നെയാണ് ഷാജിയുടെ വിളി വരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടി എന്നതിനപ്പുറത്തേക്ക് നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതിന്റെയും, സത്യം വെളിപ്പെട്ടതിന്റെയും സന്തോഷവും, ആത്മവിശ്വാസവുമാണ് ഷാജിയുടെ സംസാരത്തിലുടനീളം നിറഞ്ഞു നിന്നത്.
അധികാരത്തിന്റെ സ്വാധീനത്തിൽ രാഷ്ട്രീയ പ്രതിയോഗികളെ നിഷ്‌ക്രിയമാക്കാമെന്ന അജണ്ടകൾക്കേറ്റ തിരിച്ചടി കൂടിയാണ് ഷാജിക്കനുകൂലമായ കോടതി വിധി. ഷാജിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത 47,35000 രൂപ വിട്ടുകൊടുക്കാനാണ് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഷാജിയുടെ അഴീക്കോട്ടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ചെലവിനായി സമാഹരിച്ച പണമാണ് പിടിച്ചെടുത്തത് എന്നായിരുന്നു ഷാജിയുടെ വാദം.