പി.കെ കുഞ്ഞനന്തന്റെ മരണം അന്വേഷിക്കണം; ഷാജിയുടെ ആരോപണം ഗുരുതരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
|ടി.പി വധക്കേസിന്റെ അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുന്നത് തടയാൻ പി.കെ കുഞ്ഞനന്തനെ ജയിലിൽവെച്ച് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കെ.എം ഷാജി ആരോപിച്ചത്.
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗുരുതര ആരോപണമാണ് കെ.എം ഷാജി ഉന്നയിച്ചത്. ഭക്ഷണത്തിൽ വിഷം ചേർത്ത് കുഞ്ഞനന്തനെ കൊലപ്പെടുത്തിയെന്നാണ് ഷാജി പറഞ്ഞത്. ഇത് തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി.പി വധക്കേസിന്റെ അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുന്നത് തടയാൻ പി.കെ കുഞ്ഞനന്തനെ ജയിലിൽവെച്ച് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കെ.എം ഷാജി ആരോപിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. അദ്ദേഹത്തിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നും ഷാജി പറഞ്ഞിരുന്നു.
എന്നാൽ ഷാജിയുടെ ആരോപണം കുഞ്ഞനന്തന്റെ മകൾ തള്ളിയിരുന്നു. അൾസർ മൂർഛിച്ചാണ് തന്റെ അച്ഛൻ മരിച്ചതെന്നും അതിന് ഉത്തരവാദികൾ യു.ഡി.എഫ് ആണെന്നുമായിരുന്നു കുഞ്ഞനന്തന്റെ മകൾ പറഞ്ഞത്.