'യോഗ്യതകളിൽ ഇളവ് നൽകി വി.എസിന്റെ മകനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ നീക്കം'; ആരോപണവുമായി എംഎസ്എഫ്
|ഐഎച്ച്ആർഡി ഡയറക്ടർക്ക് നിഷ്കർഷിക്കുന്ന ഒരു യോഗ്യതയുമില്ലാത്ത അരുൺകുമാറിനെ നിയമിക്കാൻ മാർച്ചിൽ പ്രത്യേക യോഗ്യത കൂട്ടിച്ചേർത്ത് ഉത്തരവിറക്കിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു.
കോഴിക്കോട്: യോഗ്യതകളിൽ ഇളവ് വരുത്തി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എസ് അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ നീക്കം. ഐഎച്ച്ആർഡി ഡയറക്ടറാവാൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ അരുൺകുമാറിന് ഇല്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. അരുൺകുമാറിന് എൻജിനീയറിങ്ങിൽ പിജി ഇല്ല, 15 വർഷത്തെ അധ്യാപനം ഇല്ല, പ്രൊഫസറല്ല, പ്രിൻസിപ്പലുമല്ല...
ഏഴ് വർഷമായി ഐഎച്ച്ആർഡിയിൽ അഡീഷണൽ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് അരുൺകുമാർ. ഇത് ഒരു യോഗ്യതയാക്കി ഈ വർഷം മാർച്ചിൽ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ ഈ യോഗ്യതയുള്ള ഏക വ്യക്തി അരുൺകുമാർ ആണ്. അദ്ദേഹത്തെ നിയമിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും നവാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നാളെ IHRD ഡയറക്ടറായി ചുമതലയേൽക്കുന്ന സഖാവ് വി.എസ്ന്റെ മകൻ അരുൺ കുമാറിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ...നേതാവായ സഖാവിന്റെ മകനാവുമ്പോൾ മകന്റെ യോഗ്യതക്കനുസരിച്ച് ക്വാളിഫിക്കേഷൻ മാറ്റം വരുത്തി സ്ഥിരനിയമനം നൽകും.
അതും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനമായ IHRD യുടെ ഡയറക്ടർ സ്ഥാനത്ത്. അതായത് സഖാക്കളുടെ മക്കളായാൽ ചെരുപ്പിനനുസരിച്ച് കാലും മുറിക്കും. വി.എസ് ന്റെ മകന് നിലവിൽ ihrd ഡയറക്ടർ ആവാൻ നിയമം നിഷ്കർഷിക്കുന്ന എൻജിനീയറിങ്ങിൽ പിജി ഇല്ല, 15 വർഷത്തെ അധ്യാപനം ഇല്ല, പ്രൊഫസറല്ല, പ്രിൻസിപ്പളല്ല, പക്ഷെ വി.എസ് ന്റെ മകനായത് കൊണ്ട് ജോലി കൊടുക്കാൻ പാർട്ടിയും മന്ത്രിയും തീരുമാനിച്ചു.
അരുൺ കുമാർ 7 വർഷമായി Ihrd യിൽ അഡിഷണൽ ഡയറക്ടർ ആണ്, അത് കൊണ്ട് " 7 years of experience in the cadre of Additional Director / Principal of Engineering Colleges under IHRD Service” എന്ന പുതിയ ഒരു ക്വാളിഫിക്കേഷൻ ചേർത്ത് ഈ വർഷം മാർച്ച് മാസത്തിൽ ഓർഡർ ഇറക്കി (HEDN-J1/8/2024-HEDN).
ഇന്ന് കേരളത്തിൽ മേൽ പറഞ്ഞ ക്വാളിഫിക്കേഷനുള്ള ഏക ഉദ്യോഗാർത്ഥി സഖാവ് വിഎസ് ന്റെ മകൻ മാത്രമാണ്. അതായത് നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പൂർണ ക്വാളിഫിക്കേഷനുള്ള 9 ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നാടകം നടത്തി കബളിപ്പിച്ച് നേതാവിന്റെ മകന്റെ നിയമനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പ് വരുത്തും.
ദീർഘകാലം കേരളത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സഖാവ് വി എസിന് കേരള ഗൺമെൻറ് എല്ലാ ആനുകൂല്യവും നൽകുന്നുണ്ട്, നൽകിയിട്ടുമുണ്ട്. പാർട്ടിക്ക് വേണ്ടി വിഎസ് പണിയെടുത്തതിന് മകന് ജോലി നൽകേണ്ടത് ihrd യിലല്ല എ കെ ജി സെന്ററിലാണ്. മന്ത്രി സത്യപ്രതിജ്ഞ ലംഘനം കാണിക്കരുത്...! വരും ദിവസങ്ങളിൽ കൂടുതൽ രേഖകളും വിവരങ്ങൾ പുറത്ത് വരും..