'വീഡിയോ യഥാർഥമല്ലെന്ന് ചാനലിന് എഴുതിക്കാണിക്കാമായിരുന്നു, ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ ആസൂത്രണം'; വി.ഡി സതീശൻ
|അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത വീഡിയോ യഥാർഥമല്ലെന്ന് ചാനലിന് എഴുതി കാണിക്കാമായിരുന്നുവെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടി എടുക്കാനുള്ള അവകാശത്തെ വേട്ടയാടാൻ ഉപയോഗിക്കരുത്. മാധ്യമപ്രവർത്തകർ ക്രിമിനൽ പ്രവർത്തനം ചെയ്താൽ നടപടിയെടുക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'മാർച്ച് രണ്ടിനാണ് കണ്ണൂർ പൊലീസിന് പരാതി നൽകുന്നത്. മാർച്ച് മൂന്നിന് പരാതി അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. വ്യാജ വാർത്തയെന്നു പറയുന്നത് ശരിയല്ല. പ്രക്ഷേപണത്തിലെ തെറ്റ് ചൂണ്ടികാണിക്കാൻ അവകാശമുണ്ട്. സർക്കാരിന് എതിരെ ഗൂഢാലോചന നടത്തി എന്നാണ് പരാതി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പരാതിയിലുള്ളത്. സർക്കാർ കിട്ടിയ അവസരം മാധ്യമങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ദേശാഭിമാനിയുടേത് വ്യാജരേഖ ചമച്ച പാരമ്പര്യമാണ്. മോൺസൺ മാവുങ്കലിൻ്റെ പുരാവസ്തു രേഖ ഉദ്ധരിച്ച് ദേശാഭിമാനിയിൽ ശബരിമലയെപ്പറ്റി വാർത്ത വന്നില്ലേ? മനോരമയുടെ ചീഫ് ആയിരുന്ന കെ.എം മാത്യുവിന്റെ പേരിൽ ഒരു ലെറ്റർ ഹെഡ് ഉണ്ടാക്കി വ്യാജരേഖ ചമച്ച ആളുകളാണ് ദേശാഭിമാനി'. അതെല്ലാം എന്നെക്കൊണ്ടു പറയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
'സർക്കാറിന് എല്ലാവരെയും പേടിയാണ്. മാധ്യമങ്ങളെ ഭയം, പ്രതിപക്ഷത്തെ ഭയം. ഈ ഭരണകൂടത്തെ ഭരിക്കുന്നത് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിനെ രൂക്ഷമായി മാധ്യമങ്ങൾ വിമർശിച്ചിട്ടുണ്ട്. പക്ഷേ ആരോടും കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം കാണിച്ചെന്ന് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചു. ലഹരി മാഫിയക്കെതിരെ വാർത്ത വരുമ്പോൾ എസ്എഫ്ഐ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് ചോദിച്ചു. ബി.ബി.സിയിലെ റെയ്ഡിന് സമാനമായാണ് ക്രൈംബ്രാഞ്ച് ഏഷ്യാനെറ്റ് ന്യൂസിൽ റെയഡ് നടത്തിയതെന്നും വിഷ്ണുനാഥ് പറഞ്ഞു.