'തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു'; ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ച് ജി. വേണുഗോപാല്‍
|കഴിഞ്ഞ ദിവസം എറണാംകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫറ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയത് വിവാദമായിരുന്നു
തിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലുണ്ടായ സംഭവത്തില്‍ ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് പിന്നണി ഗായകന് ജി. വേണുഗോപാല്‍.
'അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ച് പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ് . വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം എറണാംകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫറ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയത് വിവാദമായിരുന്നു. ജാസിക്കൊപ്പമുള്ളയാളെ പാടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിന്‍സിപ്പലിന്റെ നടപടി. ഇതിനു പിന്നാലെ പാട്ട് പൂര്‍ത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ചത് പ്രകാരമാണ് കോളേജ് ഡേ പരിപാടിയില്‍ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായി എത്തിയത്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പാടിയത്. പാടുന്നതിനിടയില്‍ വേദിയിലേക്ക് ഓടിയെത്തിയ പ്രിന്‍സിപ്പല്‍ ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു.