തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
|കനത്ത മഴയിൽ റോഡ് നിർമ്മാണം നിലച്ചതോടെ ജനങ്ങളുടെ യാത്രയും ദുസഹമായി
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാനിടയാക്കിയ സംഭവത്തിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്ത്തിൽ റോഡ് നിർമ്മാണം നിലച്ചതോടെ ജനങ്ങളുടെ യാത്രയും ദുസഹമായി. കേസ് ജൂണിൽ പരിഗണിക്കും.
നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്.
ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണം എന്നു തുടങ്ങിയെന്നും ഏതുസമയത്ത് പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. ഒരു ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.