Kerala
plus one admission

പ്രതീകാത്മക ചിത്രം

Kerala

പ്ലസ് വണ്‍ പ്രവേശനം; ഗ്രേഡിനൊപ്പം എസ്.എസ്.എല്‍.സി മാർക്ക് കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തം

Web Desk
|
29 Jun 2023 5:57 AM GMT

സ്കൂളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിന്റെ ഒരു കാരണം ഗ്രേഡ് മാത്രം പരിഗണിക്കുന്നതിലെ അശാസ്ത്രീയതയാണെന്ന് വിമർശനമുണ്ട്

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ ഗ്രേഡിനൊപ്പം എസ്.എസ്.എല്‍.സി മാർക്ക് കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിന്റെ ഒരു കാരണം ഗ്രേഡ് മാത്രം പരിഗണിക്കുന്നതിലെ അശാസ്ത്രീയതയാണെന്ന് വിമർശനമുണ്ട്. എസ്.എസ്.എല്‍.സി മാർക്ക് കൂടി പ്ലസ് വണ്‍ അഡ്മിഷന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് പരാതിക്കാരന്‍ മീഡിയവണിനോട് പറഞ്ഞു.

സ്കൂളിലെ പരീക്ഷകളിലെല്ലാം ഒന്നാം റാങ്കുകാരിയായിരുന്നു ബാലുശ്ശേരിയിലെ ഹയ അഷ്റഫ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ല വിഷയത്തിനും എ പ്ലസും കിട്ടി. എന്നാല്‍ രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും പ്ലസ് വണ്ണിന് അഡ്മിഷന്‍ മാത്രം കിട്ടിയില്ല. എസ്.എസ്.എല്‍.സി ഫലം ഗ്രേഡ് അടിസ്ഥാനത്തിലാവുകയും പ്രവേശനത്തിന് മാർക്ക് പരിഗണിക്കാതിരിക്കുകയും ചെയ്തതാണ് ഹയക്ക് തിരിച്ചടിയായത്. 91 ശതമാനം മുതല് 100 ശതമാനം വരെ മാർക്കുവാങ്ങുന്നവര്‍ക്കെല്ലാം എ പ്ലസ് ഗ്രേഡ് ആയതിനാല്‍ പഠിച്ച് മുന്നിലെത്തിയിട്ടും അതിന്‍റെ ആനുകൂല്യ ഹയ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദ്യാർഥികള്‍ക്ക് കിട്ടിയില്ല.



പ്ലസ് വണ്‍ പ്രവേശനത്തിന് മാർക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നന്മണ്ട സ്വദേശി കെ.കെ ഷിജിന്‍ ഹൈക്കോടതിയെ സമീപിച്ചു. മാർക്ക് പരിഗണിക്കാന്‍ ഹൈക്കോടതി നിർദേശവും നല്കി. എന്നാല്‍ പെട്ടെന്ന് പുതിയ തീരുമാനം നടപ്പാക്കുന്നത് പ്രവേശനത്തെ ബാധിക്കുന്നതിനാല്‍ സർക്കാര്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവെച്ചു. ഇത് നിരവധി വിദ്യാർഥികളെ ബാധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും കോടതി സമീപിക്കാനൊരുങ്ങുകയാണ് ഷിജിന്‍. പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവയ്ക്ക് ഗ്രേസ് മാർക്ക് നല്‍കുന്നതും ഉയർന്ന മാർക്കു വാങ്ങുന്നവർക്ക് പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. പ്രവേശനത്തിന് മാർക്ക് മാനദണ്ഡമാക്കുന്നതുള്‍പ്പെടെ പ്രവേശന നടപടികള്‍ പുനഃപരിശോധിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.



Similar Posts