സീറ്റ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും
|ക്ലാസ് ആരംഭിക്കുമ്പോഴും മുഴുവൻ എ പ്ലസ് ലഭിച്ചവരടക്കം മലബാറിലെ 83,133 വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുകയാണ്.
തിരുവനന്തപുരം: സീറ്റ് പ്രതിസന്ധി നിലനിൽക്കെ സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സ്വീകരിക്കും. 2076 സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്.
പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മലപ്പുറം ജില്ലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25ന് വിദ്യാർഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. മലബാർ ജില്ലകളിലെ 80,000ൽ അധികം വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുമ്പോഴാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾ പോലും സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുകയാണ്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ സമരം ഇന്ന് നടക്കും.
ഉയർന്ന മാർക്കോടെ വിജയിച്ചിട്ടും ക്ലാസുകൾ തുടങ്ങുന്ന ദിവസം ആശങ്കയോടെ നിൽക്കുകയാണ് മലബാറിലെ 83,133 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. മലപ്പുറം ജില്ലയിൽ മാത്രം 31,482 വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. പ്ലസ് വണ്ണിന് അപേക്ഷിച്ച പാലക്കാട് ജില്ലയിലെ 17,399 കുട്ടികൾക്കും കോഴിക്കോട് ജില്ലയിലെ 1601 വിദ്യാർഥികൾക്കും ഇന്ന് നിരാശയാണ്. പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐI മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. വിദ്യാഭ്യാസമന്ത്രി സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുമ്പോഴാണ് സമരത്തിനിറങ്ങാൻ എസ്.എഫ്.ഐ നിർബന്ധിതരായിരിക്കുന്നത്.