പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
|കഴിഞ്ഞ തിങ്കളാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കോടതി പരീക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഓണ്‍ലൈനായി പ്ലസ് വണ്‍ പരീക്ഷ നടത്താനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടര്‍ ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകും. മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ല. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമാക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ പ്രവേശന യോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ്ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണം, പ്ലസ് വണ്‍ പരീക്ഷക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണമെന്നും ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കോടതി പരീക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ് മൂലം ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 13ന് പരിഗണിക്കും.