Kerala
Plus one seat crisis,Crisis in Plus One admission,Malabar,latest malayalam news,പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി,മലബാര്‍,
Kerala

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി: ഒരു വിദ്യാർഥിക്ക് പോലും പരാതിയില്ലെന്ന സർക്കാർ വാദം തള്ളി ഹൈക്കോടതി

Web Desk
|
26 May 2024 3:51 AM GMT

മലബാർ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് സർക്കാറിന്‍റെ നിലപാട്

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാർഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച് ഹൈക്കോടതിയിലെത്തിയ കേസിലാണ് സർക്കാർ വിചിത്രവാദമുന്നയിച്ചത്. പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാനായി മലബാർ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് സർക്കാറിന്‍റെ നിലപാട്.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഗണിച്ച് പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറത്തെ എ.ആർ നഗർ ഹയർസെക്കന്‍ഡറി സ്കൂള്‍ മാനേജർ നല്കിയ ഹരജിയിലാണ് വിചിത്രമായ എതിർവാദം സർക്കാർ ഉയർത്തിയത്. പ്ലസ് വണ്‍ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സർക്കാരിനെ സമീപിക്കുന്നത് സ്കൂള്‍ മാനേജർമാർ മാത്രമാണ്. ഒരു വിദ്യാർഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ല. സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ച ഈ നിലപാട് ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

പ്ലസ് വണ്‍ സീറ്റുതേടി സ്കൂളുകള്‍ കയറിറങ്ങുന്ന വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സർക്കാരിന് പരാതി നല്കാന്‍ സമയമുണ്ടാകില്ലെന്ന് പറഞ്ഞ് ഈ വാദം ഹൈക്കോടതി തള്ളി. പ്ലസ് വണ്‍ ബാച്ചുകളുടെ ആവശ്യകതയുണ്ടോയെന്ന് പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നല്കാന്‍ സംസ്ഥാന, ജില്ലാ തല സമിതികളോട് ആവശ്യപ്പെടാനും ജസ്റ്റിസ് ടി.ആർ രവി ഉത്തരവിട്ടു.

മലബാർ ജില്ലകളിലാകെ 40000 ത്തിലധികം സീറ്റുകളുടെ കുറവുണ്ടെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കാണ്. വിദ്യാർഥി സംഘടനകളടക്കം മലബാറി സംഘടനകള്‍ പ്ലസ് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്താണ്. എന്നിട്ടും പരാതിയൊന്നും വന്നില്ലെന്നാണ് സർക്കാർ പറയുന്നത്.

പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടിനെതിരെ തന്നെ വലിയ പ്രതിഷേധമാണ് കേരളത്തിലുയര്‍ന്നത്. സീറ്റില്ലെന്ന പരാതിയേ ആർക്കുമില്ലെന്ന സർക്കാർ വാദം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്നുറപ്പ്.

Similar Posts