മുഴുവൻ വിഷയത്തിനും എ പ്ലസ്; രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അഡ്മിഷൻ ലഭിക്കാതെ വിദ്യാര്‍ഥി
|14 സ്കൂളുകളിൽ അപേക്ഷിച്ചിട്ടും സ്കൂൾ ഒന്നും ലഭിക്കാത്തതിന്‍റെ വിഷമത്തിലാണ് കൊല്ലം സ്വദേശിനിയായ സൈനയും കുടുംബവും
കൊല്ലം: മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് ഇതുവരെയും അഡ്മിഷൻ ലഭിക്കാതെ കൊല്ലം അമ്പലംകുന്ന് സ്വദേശി സൈന ഫാത്തിം. മൈലോട് വി.എച്ച്.എസ്.എസില്‍ പഠിച്ച വിദ്യാർഥിനി പ്ലസ് വൺ പഠനത്തിനുവേണ്ടി 14 സ്കൂളുകളിൽ അപേക്ഷിച്ചു. രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും സ്കൂൾ ഒന്നും ലഭിക്കാത്തതിന്‍റെ വിഷമത്തിലാണ് സൈനയും കുടുംബവും.
പ്ലസ് വണിലേക്കുള്ള ആദ്യ രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സൈന വിദ്യാഭ്യാസ മന്ത്രി നേരിട്ട് വിളിക്കാൻ ശ്രമിച്ചത്. വീടിന് സമീപത്തെ ഉൾപ്പെടെ 14 സ്കൂളുകളിലേക്ക് അപേക്ഷിച്ചു. സയൻസ് വിഷയം പഠിക്കണം എന്നതാണ് സൈനയുടെ ആഗ്രഹം. എന്നാൽ സീറ്റ് ലഭിക്കുമെന്ന് കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.
ചുരുക്കം സീറ്റുകളാണ് ജില്ലയിൽ പ്ലസ് വണിന് അവശേഷിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുമ്പോഴും അഡ്മിഷൻ ലഭിക്കുമോ എന്ന കാര്യത്തിൽ രക്ഷാകർത്താക്കൾക്കും ആശങ്കയുണ്ട്. ഉന്നതവിജയം നേടിയിട്ടും തുടർ പഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കുന്നില്ല. ഒടുവിൽ മറ്റേതെങ്കിലും വിഷയം പഠിക്കേണ്ടി വരുമോ എന്നതാണ് സൈനയുടെ ആശങ്ക.