Kerala
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കള്ളക്കണക്കുമായി സർക്കാർ; പ്രവേശനം നേടാത്തവരെയും ജില്ലക്ക് പുറത്തുള്ളവരെയും ഒഴിവാക്കി
Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കള്ളക്കണക്കുമായി സർക്കാർ; പ്രവേശനം നേടാത്തവരെയും ജില്ലക്ക് പുറത്തുള്ളവരെയും ഒഴിവാക്കി

Web Desk
|
22 Jun 2024 6:45 AM GMT

യഥാർഥ അപേക്ഷകർ 82,446, സർക്കാറിന്‍റെ പുതിയ കണക്ക് 74,840 മാത്രം

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാൻ കള്ളക്കണക്കുമായി സർക്കാർ. ഇഷ്ടവിഷയം ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അപേക്ഷകരുടെ എണ്ണത്തിൽ നിന്ന് കുറച്ചാണ് പുതിയ കണക്ക് അവതരിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകരെയും കണക്കിൽ നിന്ന് ഒഴിവാക്കി. ഉയർന്ന ഫീസ് കൊടുത്തു പഠിക്കേണ്ട സ്വശ്രയ സീറ്റുകളെകൂടി ഉൾപ്പെടുത്തി സീറ്റുക്ഷാമം ഇല്ലെന്ന് വരുത്തിതീർക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

ഇഷ്ട വിഷയം കിട്ടാത്തതിനാൽ പ്രവേശനം നേടാത്ത 10,897 പേർ അപേക്ഷകർ കണക്കിലില്ല. ജില്ലക്ക് പുറത്ത് മേൽവിലാസമുള്ള 7,606 പേരെയും അപേക്ഷകരുടെ കണക്കിൽനിന്ന് വെട്ടി. ജില്ലയിൽ വന്നുതാമസിക്കുന്നവരും അതിർത്തി പ്രദേശത്തുള്ളവരും കണക്കിന് പുറത്താണ്.യഥാർഥ അപേക്ഷകർ 82,446 ആണെന്നിരിക്കെ സർക്കാറിന്റെ പുതിയ കണക്ക് 74,840 മാത്രമാണ്.

മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. 10,897 പേർ അലോട്ട്‌മെന്‍റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല.എം.എസ്.എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണ്.വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുന്നു. 14,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്‌വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ എംഎസ്എഫ് പ്രവർത്തകർ പൂട്ടിയിട്ടു. പ്രതിഷേധക്കാർ ഓഫീസിലെ ബോർഡ് തകർത്തു. മലപ്പുറത്ത് ആര്‍.ഡി.ഡി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കം ചെയതു.

Similar Posts