Kerala
മലബാറിലെ  പ്ലസ് വൺ സീറ്റ് പ്രതിസന്ധി എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്; വെള്ളിയാഴ്ച മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും
Kerala

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്; വെള്ളിയാഴ്ച മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും

Web Desk
|
8 May 2024 11:58 AM GMT

‘മലബാർ സ്കൂളുകളിലെ ക്ലാസുകളില്‍ 70 വിദ്യാർഥികള്‍ ഇരിക്കേണ്ടിവരുന്ന സാഹചര്യം ക്രൂരത’

മലപ്പുറം: എസ്. എസ് .എൽ. സി പരീക്ഷാ ഫല പ്രഖ്യാപനം വന്നിട്ടും തുടർ പഠനത്തിന് ആവശ്യമായ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിൽ മലബാർ ജില്ലകളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്. പ്രഥമ ഘട്ടമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ന് വെളളിയാഴ്ച മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടി വിജയിച്ച മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ ജില്ലകളിൽ തുടർപഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്.മലബാറിനോട് വർഷങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ പ്രതിഷേധിക്കുമ്പോൾ സീറ്റ് വർധന എന്ന തൽക്കാലിക സംവിധാനത്തിലൂടെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷപ്പെടുകയാണ് പതിവ്. ഇത് കാരണം അധ്യാപക-വിദ്യാർത്ഥി അനുപാതം പരിഗണിക്കാത്ത അശാസ്ത്രീയമായ ക്ലാസ്സ് മുറികളാണ് ഉണ്ടാവുക. ഇത് വിദ്യാഭ്യാസ നിലവാരത്തെയും സ്കൂൾ അച്ചടക്കത്തെയും പോലും ദോഷകരമായി ബാധിക്കും.

താൽക്കാലിക പരിഹാരത്തിന്റെ ഭാഗമായി 40 വിദ്യാർഥികൾ ഇരിക്കേണ്ട ക്ലാസിൽ 70 വിദ്യാർത്ഥികൾ വരെ ഇരിക്കേണ്ടിവരുന്ന സീറ്റ് വർധനവ് എന്ന പരിഹാരം അറിവ് തേടിയെത്തുന്നവരോടുള്ള ക്രൂരതയാണ്.ആവശ്യാനുസരണം ബാച്ചുകൾ വർധിപ്പിക്കുക മാത്രമാണ് യഥാർത്ഥ പരിഹാരം. ഭരണകൂടങ്ങൾക്ക് മലബാറിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ അവസര നിഷേധത്തിന്റെയും വിവേചനത്തിന്റെയും ഭീകരാവസ്ഥ മനസ്സിലായിട്ടും ശാശ്വത പരിഹാരം കാണാത്തത് വിദ്യാർത്ഥിസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

തുടർ പഠനത്തിന് ഹയർസെക്കൻഡറി സീറ്റ് ഇല്ലാത്തതിനാൽ കഴിഞ്ഞവർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കാനായി ചേർന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ഇത്തവണയും മലബാറിലെ വിദ്യാർഥികളെ അവഗണനയുടെ പുറത്തിരുത്താനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും മലബാർ ജില്ലകളിൽ ആവശ്യമായ ബാച്ചുകൾ സർക്കാർ അനുവദിക്കുന്നതുവരെ ശക്തമായ സമര പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

Similar Posts