ഈ വർഷവും മലബാറിൽ പ്ലസ്വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാകും; മലപ്പുറത്ത് ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് സീറ്റില്ല
|സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നല്കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്.
കോഴിക്കോട്: ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് സീറ്റില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നല്കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.
മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. അലോട്ട്മെന്റിന് പരിഗണിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.
മലബാർ ജില്ലകള്‍ക്കുള്ള മുപ്പത് ശതമാനം സീറ്റു വർധനയും അധികമായി അനുവദിച്ച താല്‍ക്കാലിക ബാച്ചിലെ സീറ്റുകളും കൂടി പരിഗണിച്ചതിന് ശേഷമാണ് ഈ അവസ്ഥ. പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസർകോട് 4068 സീറ്റുകളുടെയും കുറവുണ്ട്. മലബാറില്‍ ആകെ 41230 സീറ്റുകളുടെ കുറവ്.
സി.ബി.എസ്.ഇ ഫലം കൂടി പുറത്തുവരുന്നതോടെ സീറ്റ് പ്രതിസന്ധി വർധിക്കും. അതേസമയം പത്തനംതിട്ട ജില്ലയില്‍ 2809 സീറ്റുകളും ആലപ്പുഴയില്‍ 961 സീറ്റുകളും കോട്ടയത്ത് 87 സീറ്റുകളും അധികമാണ്. അണ് എയ്ഡഡ് സീറ്റുകള്‍ പരിഗണിക്കാതെയുള്ള കണക്കാണിത്.
അതായത് ഈ വർഷവും മലബാർ ജില്ലകളിലെ വിദ്യാർഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ക്കു വേണ്ടി നെട്ടോട്ടം ഓടേണ്ടിവരുമെന്ന് ചുരുക്കം. അല്ലെങ്കില്‍ പണം കൊടുത്തു പഠിക്കേണ്ട അണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാറിലെ വിദ്യാർഥികള്‍ ഈ അവഗണന അനുഭവിക്കുന്നത്.
Watch Video Report