പ്ലസ് വൺ സീറ്റ് പ്രതിസന്ധി: എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും
|പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ മാർച്ച് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ മാർച്ച് പ്രഖ്യാപിച്ചത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി കഴിഞ്ഞദിവസമാണ് എസ്എഫ്ഐ രംഗത്തെത്തിയത്. ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലങ്കിൽ എസ്എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു അറിയിച്ചിരുന്നു.
മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.. 10,897 പേർ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. 4,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ.
മലബാറിൽ 83,133 കുട്ടികൾക്ക് ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിച്ചില്ലെന്ന് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷൻ ലഭിച്ചില്ലെന്നും കണക്കുകള്‍ പറയുന്നു.