Kerala
plus one seat crisis,kozhikode,latest malayalam news,keralanews,plus one seat,പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി,കോഴിക്കോട്,മലബാര്‍ തുടര്‍വിദ്യാഭ്യാസം,റയാ സമീര്‍
Kerala

ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല; വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വിദ്യാർഥി

Web Desk
|
22 Jun 2024 12:56 AM GMT

റയയുടെ കത്ത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കോഴിക്കോട്: പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും മൂന്നാം അലോട്ട്മെന്റിലും പ്ലസ് വണിന് സീറ്റ്‌ കിട്ടാത്ത സങ്കടം കത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ച് കോഴിക്കോട്ടെ വിദ്യാർഥിനി. വടകര തിരുവള്ളൂർ സ്വദേശി റയാ സമീറാണ് പ്ലസ് വൺ പ്രവേശനം കിട്ടാത്ത മറ്റ് വിദ്യാർഥികളുടെ കൂടി ശബ്ദമായത്.

പ്ലസ് വണിൽ സയൻസ് എടുത്ത് പഠിച്ചു എം.ബി.ബി.എസിന് ചേരണമെന്ന ആഗ്രഹത്തോടെയാണ് റയ കഷ്ടപ്പെട്ട് പഠിച്ച് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങിയത്. മാർക്കുള്ളതുകൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ട സ്കൂളിൽ സീറ്റ്‌ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഫസ്റ്റ് അലോട്ട്മെന്‍റിലും സെക്കന്‍റ് അലോട്ട്മെന്‍റിലും കിട്ടാതെ വന്നപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. എന്നാൽ മൂന്നാം അലോട്ട്മെന്റിലും കൊടുത്ത 13 സ്‌കൂളിലും കിട്ടിയില്ല.

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ്, ഉള്ളിലെ സങ്കടവും നിരാശയും കത്തിൽ പകർത്തി വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത്. ഷാഫി പറമ്പിൽ എംപിക്കും കെ. കെ.രമ എംഎൽഎയ്ക്കും ഇ.മെയിൽ അയച്ചിട്ടുണ്ട്. തന്നെപോലെ സീറ്റ്‌ കിട്ടാത്ത മറ്റു കുട്ടികൾക്ക് വേണ്ടി കൂടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നാണ് റയ പറയുന്നത്. അവസാന പ്രതീക്ഷയും കൈവിട്ടതോടെ വീട്ടുകാരും ആശങ്കയിലാണ്. എത്രയും വേഗം പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് റയ അടക്കമുള്ള വിദ്യാർഥികളുടെ ആവശ്യം.


Similar Posts