‘പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ’: അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി
|’ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി ബന്ധവുമില്ലെന്ന് വരുത്തി തീർക്കാൻ ചില കേന്ദ്രങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായി കുടുംബം വെളിപ്പെടുത്തിയെന്ന് ഫ്രറ്റേണിറ്റി നേതാവ്
മലപ്പുറം:പ്ലസ് വൺ സീറ്റ് കിട്ടാത്ത വിഷമത്തിലാണ് മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി. രണ്ടാം അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പുത്തരിക്കൽ പുതിയന്റകത്ത് മുഹമ്മദ് ബഷീറിന്റെ മകൾ ഹാദി റുഷ്ദ (16) യാണ് വീടീനുള്ളിൽ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ. സീറ്റ് ലഭിക്കാത്തതിൽ വിദ്യാർഥിനി സങ്കടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.
അതേസമയം ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്ന് വരുത്തി തീർക്കാൻ ചില കേന്ദ്രങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ കുടുംബം തള്ളിയതായും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുട്ടിയുടെ ഉപ്പയെയും കുടുംബത്തെയും സന്ദർശിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെഴുതിയിരിക്കുന്നത്. അസാധാരണമായ രീതിയിൽ ഈ ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്ന് വരുത്തി തീർക്കാൻ ചിലർ കാര്യമായി തെറ്റായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുടുംബം പങ്കുവെച്ച കാര്യങ്ങളാണ് ജംഷീൽ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലുള്ളത്.
വിദ്യാർത്ഥിനി ഒരു മാനസിക രോഗിയാണ് എന്ന രീതിയിലാണ് ഒരു പ്രചരണം നടക്കുന്നത് എന്നാൽ കുടുംബത്തോട് സംസാരിച്ചപ്പോൾ അങ്ങനെ വലിയ പ്രശ്നമുള്ളതായി പറയുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയാണെന്നും ആർട്ടിസ്റ്റാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഈ കുട്ടി മുന്നേ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന പ്രചരണത്തെ ചൂണ്ടിക്കാണിച്ചപ്പോൾ അത് പച്ച കള്ളമാണെന്നാണ് കുടുംബം പറയുന്നത്.
വീട്ടിൽ അവളുടെ മുറിയുടെ കുറ്റികളും മറ്റും ആത്മഹത്യ സാധ്യത ഉള്ളത് കൊണ്ട് മാറ്റിയിട്ടുണ്ട് എന്ന പ്രചരണത്തെയും കുടുംബം തള്ളി.മറ്റൊരു പ്രചാരണം അവൾക്ക് സീറ്റ് കിട്ടിയെന്നാണ്. എന്നാൽ അതും തെറ്റായ പ്രചരണമാണ്. രണ്ടാം അലോട്ട്മെൻ്റിൽ അവൾക്ക് സീറ്റ് കിട്ടിയിട്ടില്ല.ആത്മഹത്യക്ക് മുമ്പായി മകൾ അലോട്ട്മെൻ്റ് റിസൾട്ട് പരിശോധിച്ചതായും കുടുംബം പറയുന്നു.
ജംഷീൽ അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ രാത്രി 10 മണിക്കാണ് +1 സീറ്റ് കിട്ടാത്ത വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന വിവരം അറിഞ്ഞത്. അറിഞ്ഞ ഉടനെ തന്നെ മറ്റു ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളുടെ കൂടെ അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു. കുട്ടിയുടെ ഉപ്പയോടും ബന്ധുക്കളോടും സംസാരിച്ചു. കുറച്ച് നേരം അവിടെ ചിലവഴിച്ചാണ് മടങ്ങിയത്.
ഇന്നലെ സന്ദർശിച്ചപ്പോൾ മനസ്സിലാക്കിയ ചില ആശങ്കകൾ പങ്കുവെക്കുന്നു. അസാധാരണമായ രീതിയിൽ ഈ ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്ന് വരുത്തി തീർക്കാൻ ചിലർ കാര്യമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ മനസ്സിലാക്കിയ ചില പ്രചാരണങ്ങളും വസ്തുതകളും ചുവടെ കുറിക്കുന്നു.
1. ഈ വിദ്യാർത്ഥിനി ഒരു മാനസ്സിക രോഗിയാണ് എന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ കുടുംബത്തോട് സംസാരിച്ചപ്പോൾ അങ്ങനെ വലിയ പ്രശ്നമുള്ളതായി പറയുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയാണ്. നല്ല ആർട്ടിസ്റ്റാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
2. ഈ കുട്ടി മുന്നേ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന പ്രചരണവും ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ കുടുംബത്തോട് സംസാരിച്ചപ്പോൾ അതും പച്ച കള്ളമാണ് എന്നാണ് പറഞ്ഞത്.
3. വീട്ടിൽ അവളുടെ റൂമിൻ്റെ കുറ്റികളും മറ്റും ആത്മഹത്യ സാധ്യത ഉള്ളത് കൊണ്ട് മാറ്റിയിട്ടുണ്ട് എന്നാണ് മറ്റൊരു പ്രചാരണം എന്നാൽ കുടുംബം പറയുന്നു അങ്ങനെ ഒന്ന് കളവാണ് എന്ന്
4. മറ്റൊരു പ്രചാരണം അവൾക്ക് സീറ്റ് കിട്ടിയെന്നാണ്. എന്നാൽ അതും തെറ്റായ പ്രചരണമാണ്. രണ്ടാം അലോട്ട്മെൻ്റിൽ അവൾക്ക് സീറ്റ് കിട്ടിയിട്ടില്ല. അവൾ ആത്മഹത്യക്ക് മുമ്പായി അലോട്ട്മെൻ്റ് റിസൾട്ട് പരിശോധിച്ചതായി പറയുന്നുമുണ്ട്.