പ്ലസ് വൺ പുതിയ ബാച്ച്: പല സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു- മീഡിയവൺ അന്വേഷണം
|മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മുത്തേടത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സയൻസ് ബാച്ചിൽ ഒരു വിദ്യാഥിപോലും പ്രവേശനം നേടിയിട്ടില്ല.
മലപ്പുറം: മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. ഇതിൽ പല ബാച്ചുകളിലും കുട്ടികളില്ല. ഇപ്പോഴും ആയിരകണക്കിനു വിദ്യാഥികൾ പുറത്തു നിൽക്കുമ്പോൾ എന്ത് കൊണ്ടാണ് നിരവധി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു എന്ന് 'മീഡിയവണ്‍' അന്വേഷണ പരമ്പര.
തമിഴ്നാടിനോടു ചേർന്ന് കിടക്കുന്ന ഷോളയൂർ ഗവൺമെന്റ് സ്കൂളിൽ ഹോം സയൻസ് ബ്രാഞ്ചുള്ള ബാച്ചിൽ 42സീറ്റും, ഗണിതമുള്ള ബാച്ചിൽ 49ഉം, കോമേഴ്സിൽ 23ഉം സീറ്റുകൾ ഒഴിവുണ്ട്. ഈ സ്കൂളിനു പുതുതായി അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ച് കൂടിവന്നതോടെ 159 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലും, മലയോര മേഖലകളിലും നിരവധി സീറ്റുകൾ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നുണ്ടറിഞ്ഞിട്ടും വീണ്ടും ബാച്ചുകളനുവദിക്കുകയാണ് ചെയ്തത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മുത്തേടത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സയൻസ് ബാച്ചിൽ ഒരു വിദ്യാഥിപോലും പ്രവേശനം നേടിയിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന രണ്ട് സയൻസ് ബാച്ചിൽ 30 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് വീണ്ടും പുതിയ ബാച്ച് നൽകിയത്. സീറ്റ് ആവശ്യമായ പ്രദേശങ്ങളിൽ സീറ്റ് ലഭിക്കാത്തതിനാൽ നിരവധി കുട്ടികൾ പുറത്ത് നിൽക്കുന്നുണ്ട്. വിദൂര സ്ഥലങ്ങളിൽ പ്രവേശനം നേടിയ ശേഷം അവിടെ നിന്ന് ടി.സി വാങ്ങി സ്വകാര്യ സ്ഥാപനങ്ങളിൽ ചേർന്നവരും കുറവല്ല.