Kerala
More than 10,000 plus one seats reserved for the backward among the forwarders are vacant
Kerala

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി സംവരണം ചെയ്ത പതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

Web Desk
|
26 Jun 2023 3:21 AM GMT

സീറ്റില്ലാത്തത് മൂലം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്ന മലബാർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.

കോഴിക്കോട്: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിരവധി വിദ്യാർഥികൾ പ്ലസ് വൺ സീറ്റില്ലാതെ ബുദ്ധിമുട്ടുമ്പോഴും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി സംവരണം ചെയ്ത പതിനായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം ഒഴിഞ്ഞു കിടക്കുന്ന മുന്നാക്ക സംവരണ സീറ്റുകൾ 2872 ആണ്. സാമ്പത്തിക സംവരണ തോത് ആനുപാതികമല്ലെന്നും പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് നൽകിയിരിക്കുന്നത്. സർക്കാർ, എയ്ഡഡ്, പ്ലസ് വൺ സ്‌കൂളുകളിലായി 18,460 സീറ്റുകൾ ഇതിനായി മാറ്റി വെച്ചു. എന്നാൽ ഇതിന്റെ പകുതി സീറ്റിൽ പോലും അപേക്ഷകരുണ്ടായില്ല. ഒഴിഞ്ഞു കിടക്കുന്നത് 10,395 സീറ്റുകളാണ്.

സീറ്റില്ലാത്തത് മൂലം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്ന മലബാർ ജില്ലകളിലാണ് ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഏറെയും. മലപ്പുറം 2872 കണ്ണൂർ 1449 പാലക്കാട് 1196 കോഴിക്കോട് 1107 എന്നിങ്ങനെയാണ് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം.

മൂന്നാം അലോട്ട്‌മെന്റിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. എന്നാൽ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ എല്ലാ വർഷം ആവർത്തക്കുമ്പോൾ ഉയരുന്ന ചോദ്യം ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 10 ശതമാനം സംവരണത്തിന്റ ആവശ്യമുണ്ടോ എന്നതാണ്. ഇല്ല എന്നാണ് സംവരണ മേഖയിൽ പ്രവർത്തിക്കുന്നവരുടെ മറുപടി.

കുറഞ്ഞ മാർക്കുള്ള മുന്നാക്ക വിഭാഗത്തിലെ അവസാന വിദ്യാർഥിക്ക് പോലും പ്രവേശനം ലഭിക്കുമ്പോഴും നല്ല മാർക്കുള്ള പിന്നാക്ക വിഭാഗങ്ങളിലേതടക്കം വിദ്യാർഥികൾ പുറത്തു നിൽക്കേണ്ടി വരുന്നു എന്നതാണ് ഇ.ഡബ്ല്യു.എസ് സംവരണം നടപ്പായതിന് ശേഷമുള്ള സാഹചര്യം.

Similar Posts