Kerala
ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്ധ സമിതി? പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ വിവാദത്തിൽ സർക്കാർ അയയുന്നു
Kerala

ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്ധ സമിതി? പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ വിവാദത്തിൽ സർക്കാർ അയയുന്നു

Web Desk
|
1 May 2022 1:21 AM GMT

പ്രശ്‌നം പൂർണമായി പരിഹരിക്കുംവരെ മൂല്യനിർണയം ബഹിഷ്‌കരിക്കുമെന്ന് അധ്യാപകർ

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ വിവാദത്തിൽ സർക്കാർ അയയുന്നു. ഉത്തരസൂചിക പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ വച്ചേക്കും. ഉത്തരസൂചിക പുനഃപരിശോധിച്ച് വിഷയം പരിഹരിക്കുന്നതുവരെയും മൂല്യനിർണയത്തിൽനിന്ന് വിട്ടുനിൽക്കാനാണ് അധ്യാപകരുടെ തീരുമാനം.

അധ്യാപകരും വിദഗ്ധരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിന് പകരം ചോദ്യകർത്താവ് തയാറാക്കിയ ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ഉത്തരസൂചിക മാറ്റിനൽകണമെന്ന ആവശ്യത്തിനെതിരെ ആദ്യം കടുത്ത നിലപാട് സ്വീകരിച്ച സർക്കാർ അധ്യാപകർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് മയപ്പെട്ടത്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്ന പ്രശ്‌നവുമുണ്ട്. പിന്തുണയുമായി വിവിധ അധ്യാപക-വിദ്യാർത്ഥി സംഘടനകൾ കൂടി എത്തിയതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു.

അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് ഇടപെടുകയായിരുന്നു. ഉത്തരസൂചിക പരിശോധനക്കായി വിദഗ്ധ സമിതിയെ നിയമിക്കാനാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ വകുപ്പുതല യോഗവും ഇന്നലെ ചേർന്നു. ഉത്തരസൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തെ ഒട്ടുമിക്ക ക്യാംപുകളിലും അധ്യാപകർ എത്തിയില്ല. അച്ചടക്കനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു പ്രതിഷേധം.

അടുത്ത രണ്ട് ദിവസം അവധി ആയതിനാൽ ക്യാംപുകൾ പ്രവർത്തിക്കില്ല. ഇതിനുള്ളിൽ സമവായമുണ്ടാക്കി മൂല്യനിർണയം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

Summary: Plus two chemistry exam evaluation row

Similar Posts