പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
|നാളെ മൂല്യനിർണയം പുനരാരംഭിക്കും
തിരുവനന്തപുരം: ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ മൂല്യനിർണയം പുനരാരംഭിക്കും. ഉത്തരസൂചികയിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് പുനഃപരിശോധിച്ച് പുതിയ സൂചിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം തുടക്കം മുതല്‍ക്കേ വിദ്യാഭ്യാസ വകുപ്പിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂല്യനിര്‍ണയം മുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ തയ്യാറായത്. ഇതിനായി ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരെയും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരെയുമാണ് ചുമതലപ്പെടുത്തിയത്.
മൂല്യനിര്‍ണയം ബഹിഷ്കരിച്ച അധ്യാപകരെ കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചത്. വിദ്യാര്‍ഥികളുടെ ഭാവി മറയാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നായിരുന്നു പരാമര്‍ശം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ ഭാവിയാണ് പ്രധാനമെന്നും മൂല്യനിര്‍ണയം സ്തംഭിച്ചത് ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.