Kerala
PM Narendra Modi conducts aerial observation of Wayanad landslide disaster area; Visits Chooralmala by road, Mundakkai landslide
Kerala

ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം; റോഡ് മാർഗം ചൂരൽമലയിൽ-പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം പുരോഗമിക്കുന്നു

Web Desk
|
10 Aug 2024 7:50 AM GMT

ദുരന്തം തകര്‍ത്തുകളഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷമാണ് പ്രധാനമന്ത്രി കൽപറ്റയിലിറങ്ങിയത്

കൽപറ്റ: ഉരുൾപൊട്ടലിൽ തകർന്ന ദുരന്തഭൂമിയിലേക്ക് പറന്നെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി വ്യോമസേനയുടെ ഹെലികോപ്ടർ മാർഗം വയനാട്ടിലെത്തുകയായിരുന്നു. ദുരന്തമെടുത്ത മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷം കൽപറ്റയിലിറങ്ങി. തുടർന്ന് റോഡ് മാർഗമാണ് ചൂരൽമലയിലെത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇതിനുശേഷം മൂന്ന് ഹെലികോപ്ടറുകളിലായി പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും വയനാട്ടിലേക്കു തിരിക്കുകയായിരുന്നു. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങി.


ബെയ്‌ലി പാലത്തിലും മോദി എത്തും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും. ക്യാംപുകളിൽ കഴിയുന്നവരെയും രോഗികളെയും ആശ്വസിപ്പിക്കാനും അദ്ദേഹം എത്തിയേക്കും.

ഇതിനുശേഷം കൽപറ്റയിൽ കലക്ടറേറ്റിലേക്ക് എത്തും. ഇവിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിക്കും. ദുരന്തത്തിൻറെ വ്യാപ്തി വ്യക്തമാക്കുന്ന സ്‌ക്രീൻ പ്രസൻറേഷൻ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. മേഖലയുടെ പുനർനിർമാണവും പുനരധിവാസവും ഉൾപ്പെടെ സംസ്ഥാനം തയാറാക്കിയ പദ്ധതികൾ അവതരിപ്പിക്കും. ദേശീയ-അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിൻറെ ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും.


ഇന്നു രാവിലെ 11 മണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽനിന്ന് ഉടൻ തന്നെ വ്യോമസേനാ ഹെലികോപ്ടറിൽ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. 3.15ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്യും.

Summary: PM Narendra Modi conducts aerial observation of Wayanad landslide disaster area; Visits Chooralmala by road

Similar Posts