Kerala
narendra modi

നരേന്ദ്ര മോദി

Kerala

കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡില്‍ 4000 കോടി രൂപയുടെ വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Web Desk
|
17 Jan 2024 1:09 AM GMT

രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതികളായി ഇവ മാറുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: നാലായിരം കോടി രൂപയുടെ വന്‍കിട പദ്ധതികളാണ് കൊച്ചി ഷിപ്പ്‍യാര്‍ഡില്‍ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതികളായി ഇവ മാറുമെന്നാണ് കണക്കുകൂട്ടല്‍. ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ .

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്‍റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്‍റര്‍നാഷണല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികള്‍. രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതികള്‍ വഴിയൊരുക്കുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാള്‍ പറഞ്ഞു.

കൊച്ചി കപ്പല്‍ ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിര്‍വഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് സവിശേഷതകള്‍. 70,000 ടണ്‍ വരെ ഭാരമുള്ള വിമാനവാഹിനികള്‍, കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ രാജ്യാന്തര കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമാരുങ്ങിയത്.

കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയുടെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയില്‍ ഇതൊരുക്കിയിരിക്കുന്നത്.

Similar Posts