വി.എസിനെ ഉപയോഗിച്ച് സംഘ്പരിവാർ സിനിമ; സി.പി.എം നിലപാട് വ്യക്തമാക്കണം: പി.എം.എ സലാം
|13 വർഷം മുമ്പ് വി.എസ് പറഞ്ഞ കാര്യങ്ങളാണ് സംഘ്പരിവാർ അവരുടെ വാദം സമർഥിക്കാൻ ഉപയോഗിക്കുന്നതെന്നും സി.പി.എം ഇതിൽ നിലപാട് വ്യക്തമാക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ 2010-ൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാൻ പോകുന്ന സംഘ്പരിവാർ അനുകൂല സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. 20 വർഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷങ്ങൾക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാർ സ്‌പോൺസേഡ് സിനിമയിൽ ഈ വാദം സമർഥിക്കാൻ വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാർ പ്രൊപ്പഗൻഡയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദൻ ചെയ്തത്. ലൗ ജിഹാദ് സമർഥിക്കാൻ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാർ കേന്ദ്രങ്ങൾ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ 33,000 പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയർത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എം തയ്യാറാവണമെന്നും മതസ്പർധയുണ്ടാക്കുന്ന സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകരുതെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.