ഹരിതയുടെ മുന്‍ സംസ്ഥാന ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളെന്ന് പി.എം.എ സലാം
|ആരായാലും സംഘടനാ ചട്ടക്കൂട് അംഗീകരിക്കണം. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് സംഘടനയില്‍ തുടരാനാവില്ലെന്നും പി.എം.എ സലാം പറഞ്ഞു.
ഹരിതയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം. ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയായിരുന്നു. അവരാണ് ലീഗിനെ നിലനിര്‍ത്തുന്നതെന്ന് സ്വയം വിശ്വസിച്ചു. ആരായാലും സംഘടനാ ചട്ടക്കൂട് അംഗീകരിക്കണം. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് സംഘടനയില്‍ തുടരാനാവില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് ഹരിത സംസ്ഥാന കമ്മിറ്റിയുടെ സി.എച്ച് അനുസ്മരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതയിലെ പെണ്‍കുട്ടികള്‍ മമത ബാനര്‍ജിയെ മാതൃകയാക്കണമെന്ന് കെ.എം ഷാജി പറഞ്ഞു. സ്ത്രീകള്‍ കരുത്താര്‍ജിക്കുന്ന കാലമാണിത്. സ്ത്രീകള്‍ ഭരണ രംഗത്ത് വരുന്നിടത്ത് മികച്ച ഭരണം കാഴ്ചവെക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറാന്‍ ഉപയോഗിക്കരുത്. പാര്‍ട്ടിക്ക് പുറത്തുപോയാല്‍ മാര്‍ക്കറ്റ് കൂടും പക്ഷെ സംഘടനയെ പരമമായി കാണണമെന്നും ഷാജി പറഞ്ഞു.
മുസ് ലിം ലീഗ് മുന്നോട്ടുവെക്കുന്നത് ജെന്‍ഡര്‍ പൊളിറ്റിക്സല്ല സാമുദായിക രാഷ്ട്രീയമാണെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. നമ്മള് ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു.