പി.എം.എ സലാം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
|യു.സി രാമൻ, വി.കെ ഇബ്രാഹിം, മായിൻ ഹാജി തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ സലാം തുടരും. യുസി രാമൻ, വി.കെ ഇബ്രാഹിം, മായിൻ ഹാജി തുടങ്ങി പത്ത് പേരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ്, ഖജാൻജി, ട്രഷറർ സ്ഥാനങ്ങളിൽ മാറ്റമില്ല. സി.ടി അഹമ്മദലി ട്രഷറർ ആയും കെ.എം.ഷാജി സംസ്ഥാന സെക്രട്ടറിയായും തുടരും.
31 അംഗങ്ങളുടെ ലീഗ് സെക്രട്ടറിയേറ്റും കൗൺസിലിൽ രൂപീകൃതമായി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് സെക്രട്ടറിയേറ്റ് അഖിലേന്ത്യാ ഭാരവാഹികൾ. ഇതിന് പുറമേ പത്ത് ഭാരവാഹികളും ഏഴ് സ്ഥിരം ക്ഷണിതാക്കളും സെക്രട്ടറിയേറ്റിലുണ്ട്.
വൈസ് പ്രസിഡണ്ടുമാർ :
വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി,സി.എ.എം.എ കരീം,സി.എച്ച് റഷീദ്, ടി.എം. സലീം, സി.പി ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി.
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ, കെ.എംഷാജി, സി.പിചെറിയ മുഹമ്മദ്,.മമ്മുട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി രാമൻ, അഡ്വ.മുഹമ്മദ് ഷാ, ഷാഫി ചാലിയം.
ട്രഷറർ : സി.ടി അഹമ്മദലി
സെക്രട്ടറിയേറ്റ്
1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ
2. പി.കെകുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീർ
4. പി.വി അബ്ദുൽവഹാബ്
5. അബ്ദുസമദ്‌സമദാനി
6. കെ.പി.എമജീദ്
7. വി.കെ ഇബ്രാഹിംകുഞ്ഞ്
8. എം.കെമുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി.കെ.കെ ബാവ
11. കുട്ടി അഹമ്മദ്കുട്ടി
12. പി.കെഅബ്ദുറബ്ബ്
13. ടി.എ അഹമ്മദ് കബീർ
14. കെ.ഇ അബ്ദുറഹിമാൻ
15. എൻ.എ നെല്ലിക്കുന്ന്
16. പി.കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി. ഉബൈദുള്ള
19. അഡ്വ.എം.ഉമ്മർ
20. സി.ശ്യാംസുന്ദർ
21. പി.എം.എസലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം.സി മായിൻ ഹാജി
24. അബ്ദുറഹിമാൻ കല്ലായി
25. അബ്ദുറഹിമാൻ രണ്ടത്താണി
26. എൻ.ഷംസുദ്ധീൻ
27. കെ.എം.ഷാജി
28. സി.എച്ച്‌റഷീദ്
29. ടി.എംസലീം
30. സി.പി ചെറിയ മുഹമ്മദ്
31. എം.സി വടകര
സ്ഥിരം ക്ഷണിതാക്കൾ
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്‌മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുൽസു
5. അഡ്വ നൂർബീന റഷീദ്
നേരത്തേ എം.കെ മുനീർ എംഎൽഎ സംസ്ഥാന ജനറനറൽ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുക്കുകയായിരുന്നു.
സംസ്ഥാന കൗൺസിലിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പി.എം.എ സലാം തുടരട്ടെ എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്. അതേസമയം ഇ.ടി മുഹമ്മദ് ബഷീർ, കെ.എം ഷാജി ഉൾപ്പടെയുള്ളവർ എം.കെ. മുനീറിനെ സെക്രട്ടറിയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വെച്ചു.
പുതിയ കാലത്ത് പുതിയ വെല്ലുവിളികളെ നേരിടാൻ സ്വാധീനമുള്ള നേതാവ് വേണമെന്നും ലീഗ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സംഘടനയെ ചലിപ്പിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നത് മുനീറിനാണെന്നുമായിരുന്നു മുനീർ പക്ഷത്തിന്റെ വാദം. പാണക്കാട് കുടുംബാംഗങ്ങളടക്കം ഈ നിലപാടാണ് സ്വീകരിച്ചത്. പാർട്ടി ചുമതലയേൽപ്പിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുനീറും അറിയിച്ചിരുന്നു.
എന്നാൽ ജനറൽ സെക്രട്ടറിയായി പി.എം.എ സലാം മികച്ചു നിന്നിരുന്നതിനാൽ സലാം തുടരട്ടേ എന്ന നിലപാടായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്. ഈ രണ്ട് വിഭാഗങ്ങൾക്കിടയിലും സമവായമുണ്ടാക്കുക എന്നതായിരുന്നു സാദിഖലി തങ്ങളുടെ വെല്ലുവിളി. സംസ്ഥാന കൗൺസിലിന് മുന്നോടിയായി തന്നെ, തെരഞ്ഞെടുപ്പില്ലാതെ ഒരു തീരുമാനത്തിലേക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. രണ്ട് വിഭാഗം നേതാക്കളെയും പരിഗണിച്ചു കൊണ്ടും ഇരു കൂട്ടരുമായി ആശയവിനിമയം നടത്തിയുമാണ് നിലവിൽ സാദിഖലി തങ്ങൾ ധാരണയിലെത്തിയിരിക്കുന്നത്.
ജനറൽ സെക്രട്ടറിയായി സലാമിനെ തെരഞ്ഞെടുത്തതായി അറിയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കൗൺസിലിന് ശേഷം നടക്കും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ കെ.പി.എ മജീദിന്റെ ഒഴിവിലേക്കാണ് പി.എം.എ സലാം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ഇത്തവണ പക്ഷേ പാർട്ടി ഭരണഘടന പ്രകാരമുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാന കൗൺസിലിന്റെ അംഗീകാരത്തോടെയാണ് അദ്ദേഹം സെക്രട്ടറിയാകുന്നത് എന്ന് പ്രത്യേകതയുണ്ട്.
തെരഞ്ഞെടുപ്പ് ചൂടിനിടെ പാർട്ടിയിൽ നിന്ന് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ ഇന്ന് പുറത്താക്കിയിരുന്നു. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി.
അച്ചടക്ക സമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്. പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമർശിച്ചതിലും നേരത്തെ നടപടിയെടുത്തിരുന്നു.
അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഹംസയെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ഇ.ഡി യെ ഭയന്ന് മോദിയെയും വിജിലൻസിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കെ.എസ് ഹംസയടക്കമുള്ളവരുടെ വിമർശനം. ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ് ഹംസ ചർച്ച തുടങ്ങിയത്. പാർട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളർത്താൻ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളുമായി ഹംസ കത്തിക്കയറിയപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു. ഇതോടെ യോഗം നടന്ന ഹോട്ടൽമുറി ബഹളത്തിൽ മുങ്ങി. കൊച്ചിയിലെ ഹോട്ടലിലെ യോഗം രാത്രി ഏഴരക്കാണ് അവസാനിച്ചത്.
15 മിനിറ്റോളം ബഹളത്തിൽ മുങ്ങിയ യോഗം പിന്നീട് സാദിഖലി തങ്ങൾ ഇടപെട്ടാണ് നിയന്ത്രിച്ചത്. കെ.എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയും അടുത്തേക്ക് വിളിച്ച തങ്ങൾ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാൽ യോഗത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി വന്നു. ഇത് ബോധപൂർവം മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നതും ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാർട്ടി വിലയിരുത്തൽ. യോഗത്തിൽ നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾക്ക് കൃത്യമായി നൽകുന്ന കാര്യത്തെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.