കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും: പി.എം.എ സലാം
|സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി.എം.എ സലാം
കോഴിക്കോട്: ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം മീഡിയവണിനോട് പറഞ്ഞു.
എം.എം മണിക്കെതിരെയുള്ള പി.കെ ബഷീറിന്റെ പ്രസംഗം ശ്രദ്ധയിൽപെട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ് ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം കെഎന്‍എ ഖാദർ, ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ മുസ്‌ലിം ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും, ഖാദറിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. സാംസ്കാരിക പരിപാടി എന്ന നിലക്കാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന നിലപാടിലാണ് കെഎന്‍എ ഖാദർ . ഇത് പരിഗണിച്ച്, ജാഗ്രതക്കുറവ് എന്ന താക്കീതില്‍ നടപടി ഒതുക്കാനാണ് ലീഗ് നേതൃത്വത്തില്‍ ഇപ്പോഴുള്ള ആലോചന.
കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യുമെന്നായിരുന്നു പി കെ ബഷീറിന്റെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവര്‍ത്തക കൺവെൻഷനിലായിരുന്നു ഏറനാട് എം.എൽ.എ പി.കെ ബഷീറിന്റെ വിവാദ പരാമർശം.
Summary- PMA Salam Rection to KNA khader RSS controversy