'പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലം': തീരുമാനം ഐകകണ്‌ഠേനയെന്ന് പി.എം.എ സലാം
|ഇന്ന് കോഴിക്കോട് വെച്ച് നടന്ന കൗൺസിൽ യോഗത്തിലാണ് പി.എം.എ സലാമിനെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്
കോഴിക്കോട്: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണവുമായി പി.എം.എ സലാം. പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലമാണ് ലഭിച്ചതെന്നും തീരുമാനം ഐകകണ്‌ഠേനയാണെന്നും സലാം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
"അഞ്ഞൂറിലധികം സംസ്ഥാന കൗൺസിലർമാർ യോഗം ചേർന്നാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. തങ്ങളുടെ അധ്യക്ഷതയിൽ ഇന്നലെ പതിനാല് ജില്ലാ പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാരെയും വിളിച്ചു വരുത്തി അഭിപ്രായമാരാഞ്ഞിരുന്നു. അതുപോലെ തന്നെ നിലവിലുള്ള സംസ്ഥാന ഭാരവാഹികളെയും വിളിച്ചു വരുത്തി ചർച്ചകൾ നടത്തി. ഈ ചർച്ചകളുടെയെല്ലാം അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനമെടുത്തത്. വരുന്ന നാല് വർഷങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ള നേതൃനിര തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്". സലാം പറഞ്ഞു.
ഇന്ന് കോഴിക്കോട് വെച്ച് നടന്ന കൗൺസിൽ യോഗത്തിലാണ് പി.എം.എ സലാമിനെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. യുസി രാമൻ, വി.കെ ഇബ്രാഹിം, മായിൻ ഹാജി തുടങ്ങി പത്ത് പേരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ്, ഖജാൻജി, ട്രഷറർ സ്ഥാനങ്ങളിൽ മാറ്റമില്ല. സി.ടി അഹമ്മദലി ട്രഷറർ ആയും കെ.എം.ഷാജി സംസ്ഥാന സെക്രട്ടറിയായും തുടരും.
26 അംഗങ്ങളുടെ ലീഗ് സെക്രട്ടറിയേറ്റും കൗൺസിലിൽ രൂപീകൃതമായി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് സെക്രട്ടറിയേറ്റ് അഖിലേന്ത്യാ ഭാരവാഹികൾ. ഇതിന് പുറമേ പത്ത് ഭാരവാഹികളും ഏഴ് സ്ഥിരം ക്ഷണിതാക്കളും സെക്രട്ടറിയേറ്റിലുണ്ട്.നേരത്തേ എം.കെ മുനീർ എംഎൽഎ സംസ്ഥാന ജനറനറൽ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുക്കുകയായിരുന്നു.
സംസ്ഥാന കൗൺസിലിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പി.എം.എ സലാം തുടരട്ടെ എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്. അതേസമയം ഇ.ടി മുഹമ്മദ് ബഷീർ, കെ.എം ഷാജി ഉൾപ്പടെയുള്ളവർ എം.കെ. മുനീറിനെ സെക്രട്ടറിയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വെച്ചു.
പുതിയ കാലത്ത് പുതിയ വെല്ലുവിളികളെ നേരിടാൻ സ്വാധീനമുള്ള നേതാവ് വേണമെന്നും ലീഗ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സംഘടനയെ ചലിപ്പിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നത് മുനീറിനാണെന്നുമായിരുന്നു മുനീർ പക്ഷത്തിന്റെ വാദം. പാണക്കാട് കുടുംബാംഗങ്ങളടക്കം ഈ നിലപാടാണ് സ്വീകരിച്ചത്. പാർട്ടി ചുമതലയേൽപ്പിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുനീറും അറിയിച്ചിരുന്നു.