Kerala
രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി.എം.എ സലാം
Kerala

രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി.എം.എ സലാം

Web Desk
|
1 Oct 2021 2:13 PM GMT

സുപ്രിം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണെന്നും അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ലെന്നും അദ്ദേഹം പറഞ്ഞു

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സുപ്രിം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണെന്നും അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജലീൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നില്ലായെന്നും സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും പ്രവർത്തന നയരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുൻമന്ത്രി കെ.ടി ജലീൽ സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രിം കോടതി ഇന്ന് വിസമ്മതിച്ചിരുന്നു. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതേതുടർന്ന് ജലീൽ ഹരജി പിൻവലിച്ചു.

ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലെങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും കോടതി ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനമെടുത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം.

Similar Posts