ശശി തരൂർ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര വിഷയം; ലീഗ് ചർച്ച ചെയ്തില്ലെന്ന് പി.എം.എ സലാം
|നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ലീഗ് എം.എൽ.എമാരുടെയും ഹൈപവർ കമ്മിറ്റി അംഗങ്ങളുടെയും അസാധാരണ യോഗം വിളിച്ചത്.
മലപ്പുറം: നിയമസഭയിൽ ചർച്ചക്ക് വരുന്ന സുപ്രധാന ബില്ലുകളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനാണ് ലീഗ് നേതാക്കളുടെയും എം.എൽ.എമാരുടെയും യോഗം ചേർന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ശശി തരൂർ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അത് സംബന്ധിച്ച് ലീഗ് യോഗത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ലീഗ് എം.എൽ.എമാരുടെയും ഹൈപവർ കമ്മിറ്റി അംഗങ്ങളുടെയും അസാധാരണ യോഗം വിളിച്ചത്. ഗവർണർക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ബിൽ എതിർക്കുമെന്ന കോൺഗ്രസ് നിലപാടിൽ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നാളെ സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കും. അതേസമയം ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.