Kerala
ലീഗിനെ അവമതിച്ച് സിപിഎം സമ്മേളനത്തിന് ജനശ്രദ്ധനേടാൻ ശ്രമം: മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം
Kerala

ലീഗിനെ അവമതിച്ച് സിപിഎം സമ്മേളനത്തിന് ജനശ്രദ്ധനേടാൻ ശ്രമം: മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

Web Desk
|
1 March 2022 9:37 AM GMT

ലീഗിനെ എൽഡിഎഫിൽ ചേർക്കില്ലെന്ന്‌ പറയുന്നത് എന്തിനാണെന്നും ഞങ്ങൾ ഇടതുമുന്നണിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിഎംഎ സലാം

സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാനാണ് മുസ്‌ലിം ലീഗിനെ അവമതിക്കുന്നതെന്നും ലീഗിനെ എൽഡിഎഫിൽ ചേർക്കില്ലെന്ന്‌ പറയുന്നത് എന്തിനാണെന്നും ഞങ്ങൾ ഇടതുമുന്നണിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. നിലവിലെ സംവിധാനം വിടാൻ ലീഗിൽ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണമില്ലാതെ ലീഗ് പിടിച്ചു നിൽക്കില്ലെന്നാണ് കോടിയേരി പറഞ്ഞതെന്നും എന്നാൽ ലീഗ് ഭരണത്തോടെയും അല്ലാതെയും പിടിച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരമില്ലെങ്കിൽ തകരുന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും ബംഗാളിലും ത്രിപുരയിലും ഭരണമില്ലാത്തതിനാൽ അവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലടക്കം കോൺഗ്രസ് സജീവ പ്രതിപക്ഷമായുണ്ടെന്നും കഴിഞ്ഞ ലോകസഭയിൽ 44 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ ആകെ മൂന്നേയുള്ളൂവെന്നും പിഎംഎ സലാം പറഞ്ഞു. അതുതന്നെ കോൺഗ്രസിന്റെ പിന്തുണയോടെ കിട്ടിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് കോൺഗ്രസിനൊപ്പം നിൽക്കുന്നത് ചോദ്യം ചെയ്യുന്നത്‌ പോളിറ്റ് ബ്യൂറോ അംഗമാണെന്നും പിബി അംഗങ്ങൾക്ക് കുറച്ചെങ്കിലും രാഷ്ട്രീയ ബോധമുണ്ടെന്ന് കരുതിയിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.

ലീഗ് ഇപ്പോൾ യുഡിഎഫിനൊപ്പമാണെന്നും അതിൽ നിന്ന് മാറി ചിന്തിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും അങ്ങനെയൊരു ചിന്തയും പാർട്ടിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ പാർട്ടികളുടെ നേതാക്കൾ തമ്മിൽ കണ്ടാൽ അത് രാഷ്ട്രീയ ചർച്ചയാണെന്നു എങ്ങനെ പറയുമെന്നും കല്യാണങ്ങളടക്കം പലപരിപാടികളിലും നേതാക്കൾ കണ്ടുമുട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ ഇ.പി.ജയരാജനടക്കമുള്ള മന്ത്രിമാർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമെതിരെ വിമർശനമുയർന്നു. തിരുവനന്തപുരത്തുണ്ടെങ്കിലും അവയ്‌ലബിൾ സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന വിമർശനമാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്കെതിരെ ഉന്നയിച്ചത്. ഇവർ ഇനി മുതൽ യോഗത്തിനെത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. കെഎൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ എന്നീ മന്ത്രിമാർ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ലംഘിച്ചുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. ഇ.പി.ജയരാജനെ സൂചിപ്പിച്ച് ചിലർ കമ്മിറ്റിയിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെപറ്റിയും റിപ്പോർട്ടിൽ പരാമർശിച്ചു.

എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു. എറണാകുളം ജില്ലാ സമ്മേളനം സമ്മേളനങ്ങളുടെ ശോഭ കെടുത്തിയെന്നും പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യവിമർശനവുമായി ഇറങ്ങിപ്പോയത് ഒഴിവാക്കണമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തിയെന്നും പക്ഷപാതിത്വം കാട്ടിയാണ് നടപടികൾ തീരുമാനിച്ചതെന്നും ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് വിമർശനം നേരിടേണ്ടിവന്നു. ശരിയായ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നുവെന്നും സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു.

PMA Salam, General Secretary of the Muslim League, said that the CPM was insulting the Muslim League to attract public attention to the state convention and asked why it was saying that the League would not join the LDF

Similar Posts