കോഴിക്കോട്ടും പൊലീസുകാരനെതിരെ പോക്സോ കേസ്
|കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്
കോഴിക്കോട്: പൊലീസുകാരനെതിരെ പോക്സോ കേസ്. കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത് . പന്ത്രണ്ടും,പതിമൂന്നും വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിനോദ്കുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കേസിൽ പ്രതിയായ സി.പി.ഒ, വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം വയനാട് അമ്പലവയല്‍ പോക്സോ കേസ് ഇരയെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. ഊട്ടിയിലെ തെളിവെടുപ്പിനിടെ എ.എസ്.ഐ മകളുടെ കയ്യില്‍ കയറിപ്പിടിച്ചു . സംഭവം പുറത്തുപറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ അച്ഛൻ മീഡിയവണിനോട് പറഞ്ഞു.
''ഈ അന്വേഷണത്തിൽ വിശ്വാസമില്ല, ആദിവാസികളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്, വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെയാണ് അവരുടെ ചിന്താഗതി, പൊലീസ് വീട്ടിലേക്ക് വന്നിട്ടില്ല, ഒപ്പിടാനാണെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, അവിടെ ചെന്നപ്പോൾ ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചു''- പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.