യുവതിയുടെ പരാതി: മുകേഷ് അടക്കമുള്ളവർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്
|പ്രായ പൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്
കൊച്ചി: മുകേഷ് അടക്കമുള്ളവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. മൂവാറ്റുപുഴ പൊലീസ് ആണ് കേസെടുത്തത്. പ്രായ പൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്.
2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് യുവതിയുടെ ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി വെളിപ്പെടുത്തിയിരുന്നു.
അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയാണെന്നായിരുന്നു നടിയുടെ പ്രതികരണം. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു.