പോക്സോ കേസ്: ശശികുമാറിനെതിരെ നാല് കേസുകൾ കൂടി
|ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്
മലപ്പുറം: പീഡനക്കേസിൽ അറസ്റ്റിലായ മലപ്പുറത്തെ കൗൺസിലർ കൂടിയായിരുന്ന മുൻ അധ്യാപകൻ ശശികുമാറിനെതിരെ പോക്സോ ഉൾപ്പെടെ നാല് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇത് കൂടാതെയാണ് നേരത്തെയുള്ള പരാതിയിൽ നിയമോപദേശത്തിനനുസരിച് 3 കേസുകൾ കൂടി എടുത്തത്.
വയനാട്ടിലെ മുത്തങ്ങക്കടുത്തുള്ള സ്വകാര്യ ഹോം സ്റ്റേയിൽനിന്നാണ് ശശികുമാർ പിടിയിലായത്. സ്കൂളിലെ പൂർവ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. 30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിനെതിനെതിരെ ഉയർന്ന പരാതി. മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്നു ശശികുമാർ. സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉയർന്നതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെക്കുകയായിരുന്നു.
സ്കൂളിൽനിന്ന് വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെക്കുറിച്ച് ശശികുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നുവന്നത്. പൊലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു.