Kerala
എന്തൊക്കെയാടാ ചെറുക്കാ എന്നെപ്പറ്റി എഴുതിവച്ചിരിക്കുന്നത് ; ഗൗരി വായിച്ച് അന്ന് ഗൗരിയമ്മ വിളിച്ചു,  ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ അനുസ്മരണം
Kerala

''എന്തൊക്കെയാടാ ചെറുക്കാ എന്നെപ്പറ്റി എഴുതിവച്ചിരിക്കുന്നത് ''; 'ഗൗരി' വായിച്ച് അന്ന് ഗൗരിയമ്മ വിളിച്ചു, ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ അനുസ്മരണം

Web Desk
|
11 May 2021 7:21 AM GMT

ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് താനെന്നും കുറിപ്പിൽ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി

കലികൊണ്ടുനിന്നാൽ അവൾ ദദ്രകാളി...

1994 ജനുവരി ഒന്നിനാണ് കെആർ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാർട്ടി നടപടിയോടുള്ള രോഷത്തിൽ അന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിതയിലെ ആദ്യ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. ഗൗരിയമ്മയെന്ന വിപ്ലവവീര്യത്തെ നെഞ്ചേറ്റിയ പതിനായിരങ്ങളുടെ വികാരം അപ്പടി പകർത്തിയതായിരുന്നു ചുള്ളിക്കാട്. കവിതയിൽ പറയുന്ന പ്രകാരം ഇപ്പോൾ ഗൗരിയമ്മ ചിതയായ് മാറുമ്പോൾ 'ഗൗരി' പിറന്ന പശ്ചാത്തലത്തെക്കുറിച്ചും കവിതയോടുള്ള ഗൗരിയമ്മയുടെ പ്രതികരണത്തെ കുറിച്ചുമുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് കവി.

ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ തനിക്കും വലിയ വിഷമമുണ്ടായെന്നും അതിന്റെ ഫലമായിരുന്നു ആ കവിതയെന്നും 'ട്രൂകോപ്പി'യിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കവിത വായിച്ച് ഗൗരിയമ്മ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. 'എന്തൊക്കെയാടാ ചെറുക്കാ നീ എന്നെപ്പറ്റി എഴുതിവച്ചിരിക്കുന്നത് ' എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.

ഗൗരിയമ്മയുടെ സ്വന്തം സന്തതിയായ ജെഎസ്എസിന്റെ ഒരു സമ്മേളനത്തിൽ പങ്കെടുത്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവവും ചുള്ളിക്കാട് പങ്കുവയ്ക്കുന്നു. പാർട്ടിയുടെ പന്തളം സമ്മേളനത്തിൽ സിനിമാതാരം സുകുമാരനോടൊപ്പം ചുള്ളിക്കാടിനെയും ഗൗരിയമ്മ ക്ഷണിച്ചിരുന്നു. പരിപാടിക്കിടെ രണ്ടുപേരും മാറിനിന്നു സ്വകാര്യം പറയുന്നത് കണ്ട് ഗൗരിയമ്മ സുകുമാരന്റെ ചെവിക്കുപിടിച്ചത്രെ. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''എന്താണ് രണ്ടുംകൂടി ഗൂഢാലോചന? പ്രസംഗം കഴിഞ്ഞുമതി കള്ളുകുടി!''

ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് താനെന്നും കുറിപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.

Similar Posts