Kerala
അവാർഡ് പാട്ടിന്റെ വേരിലേക്ക് കടക്കുന്നു; നഞ്ചിയമ്മയെ അഭിനന്ദിച്ച് കവി സച്ചിദാനന്ദൻ
Kerala

'അവാർഡ് പാട്ടിന്റെ വേരിലേക്ക് കടക്കുന്നു'; നഞ്ചിയമ്മയെ അഭിനന്ദിച്ച് കവി സച്ചിദാനന്ദൻ

Web Desk
|
27 July 2022 12:05 PM GMT

ചിലർ നഞ്ചിയമ്മയുടെ അവാർഡ് നേട്ടത്തെ വിമർശിച്ച് രംഗത്ത് വന്നെങ്കിലും വൻ പിന്തുണയാണ് അവർക്ക് ലഭിക്കുന്നത്

പാലക്കാട്: ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മയെ അഭിനന്ദിച്ച് കവി സച്ചിദാനന്ദൻ. നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അവാർഡുകൾ കൂടുതൽ ജനകീയ ഇടങ്ങളിലേക്കും പാട്ടിന്റെ വേരിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ 'അയ്യപ്പനും കോശിയും' സിനിമയിലെ ഗാനത്തിലൂടെ നഞ്ചിയമ്മക്ക് മികച്ച ഗായികക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ചിലർ ഈ അവാർഡ് നേട്ടത്തെ വിമർശിച്ച് രംഗത്ത് വന്നെങ്കിലും വൻ പിന്തുണയാണ് അവർക്ക് ലഭിക്കുന്നത്.

അവാർഡിനെ വിമർശിച്ച് ശുദ്ധ സംഗീത വാദക്കാരായ ചിലരാണ് കുറിപ്പുകളും വീഡിയോയുമായി എത്തിയത്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്നും, സ്വരവും ശുദ്ധിയുമില്ലാതെയാണ് അവർ പാടുന്നതെന്നുമാണ് വിമർശനം. ഇതിനേക്കാൾ നന്നായി പാടുന്ന എത്രയോ പേർ ഉണ്ടെന്നും അവർക്കായിരുന്നു അവാർഡ് കൊടുക്കേണ്ടതെന്നും ചിലർ ഉന്നയിക്കുന്നു. വിമർശന പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിടുന്നവരുമുണ്ട്.

ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നതെന്ന് നഞ്ചിയമ്മ പറഞ്ഞിരുന്നു. പുരസ്‌കാരത്തെ സംബന്ധിച്ച വിമർശനങ്ങളെ ഒന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്നും നഞ്ചിയമ്മ മീഡിയവണിനോട് പറഞ്ഞു.'ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നത്. ഞങ്ങൾ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമർശിക്കില്ല. വിമർശനത്തിന് പിന്നിൽ അസൂയയുമുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.

'ചെറുപ്പം മുതൽ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല.തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ കഴിച്ചാണ് പാട്ടുപാടുന്നത്.പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു.എല്ലാ സംഗീതവും ശുദ്ധമാണ്. നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവർക്ക് മനസിലാകും. പക്ഷേ അതിൻറെ അർത്ഥതലങ്ങൾ വലുതാണ്. മനുഷ്യൻറെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത് നഞ്ചിയമ്മ പറഞ്ഞു.

Poet Satchidanandan congratulates Singer Nanjiamma

Similar Posts