നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
|കാക്കനാട്, കിഴക്കമ്പലം സ്വദേശികളായ ഉണ്ണികൃഷ്ണന്, ജിതിന് രാജേന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്
കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗില്‍ ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന് (48), കിഴക്കമ്പലം സ്വദേശി ജിതിന് രാജേന്ദ്രന് (34) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്യാര്ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന് കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചുമാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുവാദമുള്ളു.
പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഡ്രോണുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇത് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്ന് പൊലീസ് അറിയിച്ചു.