'വിലങ്ങുംവെച്ച് കുനിച്ചുനിർത്തി ഇടിച്ചു.ഗുണ്ടകളെയും കൊണ്ടാണ് പൊലീസുകാര്‍ വന്നത്'; കൊല്ലത്ത് ആളുമാറി ദമ്പതികള്‍ക്ക് മര്‍ദനം
|കാട്ടാക്കട എസ്.ഐ മനോജ് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെയുമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
കൊല്ലം: കൊല്ലം ചടയമംഗലത്ത് ആളുമാറി യുവാവിനെയും ഭാര്യയെയും മർദ്ദിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്. കാട്ടാക്കട എസ്.ഐ മനോജ് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെയുമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. വധക്കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ സംഘം ദമ്പതികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ചടയമംഗലം സ്വദേശികളായ സുരേഷ്, ഭാര്യ ബിന്ദു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാട്ടാക്കട എസ്.ഐ മനോജ് കൂടെ ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതികൾ എന്നിവർക്ക് എതിരെ ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരേയും കൂട്ടിയാണ് എസ്.ഐ മനോജ് വീട്ടിൽ എത്തിയത് എന്നും പരാതി ഉണ്ട്.
കാട്ടാക്കട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധക്കേസിലെ പ്രതിയായ സുരേഷ് എന്ന് കരുതിയാണ് ചടയമംഗലം സ്വദേശിയെ പിടികൂടിയത് എന്നാണ് എസ്.ഐയുടെ വിശദീകരണം. ഔദ്യോഗിക കൃത്യനിർവഹണത്തിന് ക്രിമിനൽ കേസിലെ പ്രതികളുടെ സഹായം തേടിയത് ഉൾപ്പടെ ഉള്ള കുറ്റത്തിന് എസ്.ഐക്കെതിരെ വകുപ്പുതല നടപടിയും ഉടൻ ഉണ്ടാകും.