കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ സംഘർഷം; സിപിഎം നേതാവിനെതിരെ കേസ്
|കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു
കൊച്ചി: എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ സംഘർഷത്തിൽ സിപിഎം ഫോർട്ട് കൊച്ചി ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരെ ആക്രമിച്ചതിലാണ് കെ.എം റിയാദിനെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു.
ഇന്നലെയാണ് കൊച്ചിൻ കോളജിലെ SFI - KSU സംഘർഷത്തിന് പിന്നാലെ ആശുപത്രിയിലും സംഘർഷമുണ്ടായത്. അതേസമയം സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് മട്ടാഞ്ചേരി എസിപി ഓഫീസിലേക്ക് മാർച്ച് നടത്തും. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെഎസ്യു പ്രവർത്തകരെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ കയറിയ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് .
കൊച്ചിൻ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ കെഎസ്യു പ്രവർത്തകരെയാണ് ആശുപത്രിയിൽ കയറി മർദിച്ചത്. അതിനിടെ എസ്എഫ്ഐ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് സഹൽ ആശുപത്രിയിലെത്തി കെഎസ്യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.