Kerala
പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന് അറിയില്ല; ഫോട്ടോയുടെ പേരില്‍ നിരവധി ഭീഷണി കോളുകള്‍ വന്നതായി നിമിഷ
Kerala

'പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന് അറിയില്ല'; ഫോട്ടോയുടെ പേരില്‍ നിരവധി ഭീഷണി കോളുകള്‍ വന്നതായി നിമിഷ

Web Desk
|
7 Sep 2021 9:42 AM GMT

ആചാരലംഘനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും നിമിഷ ബിജോയ് പ്രതികരിച്ചു.

പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്തെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ യുവതി. ആചാരലംഘനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പള്ളിയോടത്തില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പാടില്ലെന്ന് അറിയുമായിരുന്നില്ലെന്നും നിമിഷ ബിജോയ് മീഡിയവണിനോട് പറഞ്ഞു. ഫോട്ടോ എടുത്തതിന്റെ പേരില്‍ നിരവധി ഭീഷണി കോളുകള്‍ വരുന്നു. പൊലീസാണെന്ന പേരിലും ഭീഷണി കോള്‍ വരുന്നുണ്ടെന്ന് നിമിഷ വ്യക്തമാക്കി.

പള്ളിയോട സേവാ സംഘം നൽകിയ പരാതിയിലാണ് തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. ഓണത്തിനു മുന്‍പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടതോടെ സംഭവം ചര്‍ച്ചയാവുകയായിരുന്നു.

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക്‌ പങ്കെടുക്കുന്ന വള്ളങ്ങളാണ്‌ പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് ഇവിടെ പോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണുള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.

Similar Posts