കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിലെ കവർച്ച: ഒന്നര മാസമായിട്ടും മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്
|നേരിട്ട് കസ്റ്റഡിയിലെടുക്കാതെ സ്റ്റേഷനിലേക്ക് വരാൻ ഫോൺ വിളിച്ച് ആവശ്യപ്പെട്ടതോടെ അപകടം മണത്ത പ്രതി അതിവിദഗ്ധമായി മുങ്ങുകയായിരുന്നു.
കോട്ടയം: കുറിച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ഫൈസൽ രാജ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരിക്കുകയാണ്. ഇയാളുടെ സഹായി അനീഷ് ആൻ്റണിയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ച നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സ്വർണവും പണവും വീണ്ടെടുക്കാൻ കഴിയാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിലാണ് കുറിച്ചിയിലെ സുധാ ഫൈനാൻസിൽ കവർച്ച നടന്നത്. ഒരു കോടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും നഷ്ടമായി. ചങ്ങനാശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചിങ്ങവനം പൊലീസാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പത്തനംതിട്ട കൂടൽ സ്വദേശിയും പ്രധാനപ്രതിയുമായ ഫൈസൽ രാജിനെ കുറിച്ച് സൂചന ലഭിച്ചു.
തുടർന്ന് കൂടൽ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം ബന്ധപ്പെട്ടു. ഇയാളെ നേരിട്ട് കസ്റ്റഡിയിലെടുക്കാതെ സ്റ്റേഷനിലേക്ക് വരാൻ ഫോൺ വിളിച്ച് ആവശ്യപ്പെട്ടു. അപകടം മണത്ത പ്രതി അതിവിദഗ്ധമായി മുങ്ങി. ഇതോടെ കവര്‍ന്ന ആഭരണങ്ങളെ കുറിച്ചും പണത്തെ കുറിച്ചും സൂചനയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അന്വേഷണ സംഘം.
അറസ്റ്റിലായ ഇയാളുടെ സഹായി അനീഷ് ആൻ്റണിക്ക് പതിനായിരം രൂപ മാത്രമാണ് ഫൈസൽ രാജ് നൽകിയത്. പ്രതികൾ ഉപേക്ഷിച്ച സോപ്പുപൊടി കവറും വർത്തമാന പത്രവും കേസിൽ നിർണായകമായി. ഈ തെളിവുകളും സിസിടിവി ദ്യശ്യങ്ങളും പ്രതികളെ തിരിച്ചറിയാൻ സഹായകമായി.
എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും മുഖ്യപ്രതി കാണാമറയത്ത് തുടരുന്നത് മൂലം പൊലീസിന് ഉണ്ടായിരിക്കുന്ന നാണക്കേട് ചെറുതല്ല. പ്രതിയെ ഉടൻ പിടികൂടണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അന്വേഷണ സംഘത്തിന് അന്ത്യശാസനം നൽകിയതായാണ് വിവരം.