മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു
|''ഈരാറ്റുപേട്ടയിലെ മസ്ജിദുസ്സലാമിലെ ഖതീബായിരുന്നപ്പോൾ ന്യൂനപക്ഷ തീവ്രവാദത്തിൽനിന്നും ഭൂരിപക്ഷ തീവ്രവാദത്തിൽനിന്നും പരമകാരുണികനായ സർവേശ്വരാ ഈ മഹാസമൂഹത്തെ കാക്കണേ എന്ന് ബുതുബയിൽ ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. എന്നിട്ടും എന്നെ ചാനലുകൾ ഭീകരവാദിയാക്കാൻ വെമ്പൽകൊള്ളുന്നത് കാണുമ്പോൾ ഉള്ളിൽ ചിരിയാണ് വരുന്നത്.''
ഈരാറ്റുപേട്ട: സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ന് നടക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് വിശദീകരണം.
'ആധുനിക ഇന്ത്യ: പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പരിപാടിക്കായി പ്രത്യേകം പന്തലും വേദിയും ഒരുക്കിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പ്രഭാഷണം നടത്തിയതിന്റെ പേരിൽ മുജാഹിദ് ബാലുശ്ശേരിയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ എറണാകുളത്ത് ആവശ്യപ്പെട്ടിരുന്നു.
പൊലീസിന്റെ സദ്വിചാരത്തിന്റെ ഭാഗമായാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മുജാഹിദ് ബാലുശ്ശേരി പിന്നീട് ഓൺലൈൻ മാധ്യമമായ 'ഇ-ന്യൂസി'ന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. പല ഭാഗത്തുനിന്നും പലനിലയിലുള്ള ഫോൺകോളുകൾ പൊലീസ് വകുപ്പിന് പോയിട്ടുണ്ടാകാം. നന്മ ഉദ്ദേശിച്ചായിരിക്കും പൊലീസ് ഈ നടപടി സ്വീകരിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
''വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനിക്കുക, തീവ്രവാദത്തിന് പ്രോത്സാഹനം നൽകുക, പിഞ്ചുപൈതങ്ങളെ പോലും ഭീകരമായ മുദ്രാവാക്യം പഠിപ്പിച്ച് അത് ചൊല്ലിക്കുക, ഏറ്റുചൊല്ലിക്കുക, അങ്ങനെയൊരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുക.. ഇത് ശരിയല്ലെന്നു പറയാനാണ് ഞാൻ ഉദ്ദേശിച്ചത്. യഥാർഥത്തിൽ ഇവിടെ സംഘപരിവാരം ഇസ്ലാമിന് ഏൽപിക്കുന്ന പരിക്കിനെക്കാൾ വലിയ പരിക്കായിരിക്കും ന്യൂനപക്ഷ തീവ്രവാദം, മുസ്ലിം നാമധാരികളുടെ തീവ്രവാദം ഇസ്ലാമിനേൽപിക്കുക. ഇക്കഴിഞ്ഞ രണ്ടുമൂന്ന് മാസം ഇസ്ലാമിക സമൂഹത്തിനേറ്റ പരിക്ക് വളരെ വലുതാണ്.''-മുജാഹിദ് ബാലുശ്ശേരി അഭിപ്രായപ്പെട്ടു.
''ഫാസിസത്തിന്റെ പണി പത്തുകൊല്ലം കൊണ്ട് നേടാൻ അവർ വിചാരിച്ചത്, മുസ്ലിംകളിലെ തീവ്രവാദ ഗ്രൂപ്പുകൾ അവർക്ക് നേടിക്കൊടുക്കുന്നുണ്ടെന്നതാണ് കഴിഞ്ഞ ഒരാഴ്ചയിലെ പോലും നമ്മുടെ അനുഭവം. എനിക്കോർമയുണ്ട്, ഞാൻ ഈരാറ്റുപേട്ടയിലെ മസ്ജിദുസ്സലാമിലെ ഖതീബായിരുന്ന കാലത്ത് അവസാനം ഖുതുബയിൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു, ന്യൂനപക്ഷ തീവ്രവാദത്തിൽനിന്നും ഭൂരിപക്ഷ തീവ്രവാദത്തിൽനിന്നും പരമകാരുണികനായ സർവേശ്വരാ, ഈ മഹാസമൂഹത്തെ കാക്കണേ എന്ന്. അങ്ങനെ പ്രാർത്ഥിച്ച ഒരാളാണ് ഞാൻ. അന്നുമിന്നും ഇങ്ങനെ അധികമാളുകളൊന്നും പ്രാർഥിച്ചിട്ടില്ല. ഈയുള്ളവനാണ് അതു നിരന്തരമായി സ്റ്റേജിൽ പ്രാർഥിച്ചിട്ടുള്ളത്. എങ്കിലും എന്നെ ചാനലുകൾ ഭീകരവാദിയാക്കാൻ വെമ്പൽകൊള്ളുന്നത് കാണുമ്പോൾ ഉള്ളിൽ ചിരിയാണ് വരുന്നത്.''
ഈരാറ്റുപേട്ടയിൽ ഈ പരിപാടി നടന്നാൽ സംഘർഷമുണ്ടാകും, കുഴപ്പമുണ്ടാകും, അതുകൊണ്ട് തൽക്കാലം നമുക്കൊന്ന് മാറ്റിവയ്ക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ ഞങ്ങൾ അതിനു സന്നദ്ധരാകുകയായിരുന്നുവെന്ന് മുജാഹിദ് ബാലുശ്ശേരി വ്യക്തമാക്കി. ഞങ്ങൾ ഇവിടെ സമാധാനം ഉണ്ടാക്കാൻ പ്രസംഗിക്കുന്നവരാണ്, സമാധാനം കെടുത്താൻ പ്രസംഗിക്കുന്നവരല്ല. അതു വളരെ കൃത്യമായി മനസിലാക്കണം.
ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനം ബാബരി മസ്ജിദ് പൊളിക്കപ്പെട്ട നാളുകളിൽ പോലും, 1992ൽ പോലും പാലക്കാട് കോട്ട മൈതാനിയിൽ ചതുർദിന സമ്മേളനം നടത്തി സമാധാനമുണ്ടാക്കിയവരാണ്. അല്ലാതെ പാലക്കാട്ടെ സമാധാനം കെടുത്തിയവരല്ല. ആ പ്രസ്ഥാനത്തെയാണ് തടയുന്നത്. ഒന്നുകൂടി ഞാൻ പറയും, ദയവ് ചെയ്ത് എല്ലാവരോടും; ഒരു നാട്ടിൽ അഗ്നി ജ്വലിച്ചുകത്തിക്കൊണ്ടിരിക്കുമ്പോൾ അവിടെ വെള്ളമൊഴിച്ച് സമാധാനപ്പെടുത്താൻ വന്നവരെ തടുക്കുക എന്ന പരിപാടി ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല. ഇതൊക്കെ വീണ്ടുവിചാരത്തിന് വിധേയമാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Police denies permission for Mujahid Balussery's program at Erattupetta, Kottayam