Kerala
മാനസയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെ കൊല; രാഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കും
Kerala

മാനസയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെ കൊല; രാഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കും

Web Desk
|
31 July 2021 1:16 AM GMT

മാനസയുടെയും രാഖിലിന്‍റെയും പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസ മാധവനും കൊലയാളി രാഖിലും തമ്മില്‍ രണ്ട് വര്‍ഷത്തിലധികമായി സൌഹൃദത്തിലായിരുന്നുവെന്ന് പൊലീസ്. ഈ ബന്ധത്തിലുണ്ടായ വിളളലാവാം കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാഖില്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് മാനസ കണ്ണൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.

വളവട്ടണം പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് മാധവന്‍റെയും രാമതെരു സ്കൂളിലെ അധ്യാപിക സെബിനയുടെയും മകളാണ് കൊല്ലപ്പെട്ട മാനസ. കഴിഞ്ഞ മാസം 24നാണ് മാനസ അവസാനമായി വീട്ടിലെത്തിയത്. അപ്പോഴാണ് രാഖില്‍ ശല്യം ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പിതാവ് കണ്ണൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തലശേരി മാലൂര്‍ സ്വദേശിയായ രാഖിലിനെയും മാതാപിതാക്കളെയും ഡി.വൈ.എസ്.പി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. മാനസയെ ഇനി ശല്യം ചെയ്യില്ലെന്ന് മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് രാഖില്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലന്ന് മാനസയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കി മൂന്നാഴ്ച കഴിയും മുന്‍പാണ് ക്രൂരമായ കൊലപാതകം നടന്നത്. രാഖിലുമായി മാനസക്ക് രണ്ട് വര്‍ഷത്തെ സൌഹൃദം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധത്തിലുണ്ടായ ഉലച്ചിലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഇതിനിടെ കൊലപാതകത്തിനുപയോഗിച്ച തോക്ക് രാഖിലിന് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് തലശേരി പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഖിലിന്‍റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്.

മാനസയുടെയും രാഖിലിന്‍റെയും പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷമാകും മെഡിക്കൽ കോളജിലേക്ക് മാറ്റുക. ബാലസ്റ്റിക് വിദഗ്ധർ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും. രാഖിൽ കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Similar Posts